തനിക്ക് പകരം മറ്റാരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് സൗബിൻ!

സൗബിൻ ഷാഹിർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കയറികൂടിയ നടനാണ്. കോമഡി റോളുകളിലൂടെയാണ് താരം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. പിന്നീട് നായകനായും പ്രതിനായകനായും സംവിധായകനായും സൗബിൻ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കുമ്പളങ്ങി നെറ്റ്‌സ് വികൃതി തുടങ്ങിയ ചിത്രങ്ങളിൽ താരം നടത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്ത് വരുന്ന ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിന് വിമർശനമഴയാണ് നേടികൊടുത്തത്. ബ്രോ ഡാഡി, ജാക്ക് ആൻഡ് ജിൽ, സി.ബി.ഐ അഞ്ചാം ഭാഗം എന്നീ ചിത്രങ്ങളിലെ സൗബിന്റെ കഥാപാത്രങ്ങൾക്കെതിരെ ട്രോളുകൾ രൂക്ഷമായിരുന്നു.

ഈ സിനിമകൾ ചെയ്യുമ്പോൾ സംശയങ്ങളുണ്ടായിരുന്നുവെന്നും സി.ബി.ഐ കണ്ടപ്പോൾ തനിക്ക് പകരം മറ്റാരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്നും പറയുകയാണ് സൗബിൻ. ജാക്ക് ആൻഡ് ജില്ലും സി.ബി.ഐ അഞ്ചാം ഭാഗവും ചെയ്യുന്ന സമയത്ത് ചെറിയ സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. കറക്റ്റായിട്ട് ആ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് കിട്ടുമോ എന്നായിരുന്നു സംശയം. ഭീഷ്മ പർവം ചെയ്യുമ്പോഴാണെങ്കിൽ പോലും അജാസ് എന്നിൽ നിക്കുമോ എന്ന സംശയങ്ങളുണ്ട്. മമ്മൂക്കയുടെ കഥാപാത്രം പറയുന്നത് കേട്ട് സെക്കന്റ് ഹാഫിൽ ഓരോന്ന് പോയി ചെയ്യുമ്പോഴും ഇതേ സംശയം എനിക്കുണ്ട്. എന്നാൽ ഡയറക്ടറിന് അറിയാമായിരുന്നു. എനിക്ക് അതിന്റെ തിരിച്ചറിവ് ഉണ്ടായിരുന്നില്ല.

സന്തോഷ് ശിവൻ സാർ എന്റെ ഗുരുവാണ്. കൂടെ വർക്ക് ചെയ്തിട്ടുണ്ട്. ജാക്ക് ആൻഡ് ജിൽ കൊറോണക്ക് മുമ്പ് ചെയ്തിരിക്കുന്ന പടമാണ്. ആ സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ കഥയെന്താണെന്നോ എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. ഗ്രീൻ മാറ്റിൽ റോബോർട്ടിനെ പോലെയൊരു മനുഷ്യനെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. നാലോ അഞ്ചോ ദിവസം ഒരു സ്റ്റുഡിയോയിൽ ഗ്രീൻ മാറ്റിൽ നിന്നിട്ട് മുകളിലോട്ട് നോക്കി സംസാരിക്കണം. എവിടെ നോക്കിയാണ് സംസാരിക്കുന്നത് ആരോടാണ് നമ്മൾ സംസാരിക്കുന്നത് എന്നതൊന്നും അറിയില്ല. ആ ഒരു കുറവ് എനിക്ക് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു. അത് എന്റെ തെറ്റായിട്ടാണ് കാണുന്നത്. ഞാനത് ചോദിച്ച് മനസിലാക്കേണ്ടതായിരുന്നു. ആ കഥാപാത്രത്തെ ഞാൻ ചെയ്തിരിക്കുന്ന രീതി ശരിയല്ല എന്നാണ് തോന്നുന്നത്,’ സൗബിൻ പറഞ്ഞു.

Related posts