നീ ഇതിനാണോ കൊച്ചിയിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ ചോദ്യം! സൂരജ് സൺ മനസ് തുറക്കുന്നു!

സൂരജ് സണ്‍ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും ഇടയ്ക്ക് വെച്ച് താരം പടിയിറങ്ങുകയായിരുന്നു. സൂരജ് മിനിസ്‌ക്രീനില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായി വന്നത്, ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനായി എടുത്ത് ചാടിയതിനെത്തുടര്‍ന്ന് പരിക്ക് പറ്റിയതോടെയായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൂരജ്. നിന്‍ചിരിയില്‍ എന്ന ആല്‍ബത്തില്‍ സൂരജ് അഭിനയിച്ചിരുന്നു. ജാസി ഗിഫ്റ്റ് ആലപിച്ച ഗാനരംഗത്തില്‍ റൊമാന്റിക് ഹീറോയായാണ് സൂരജ് എത്തിയത്. നന്നായി ചെയ്തിട്ടുണ്ട് മോനെയെന്ന് പറഞ്ഞ് ജാസി ഗിഫ്റ്റ് തന്നെ അഭിനന്ദിച്ചതിന്റെ സന്തോഷം സൂരജ് പങ്കിട്ടിരുന്നു.

അഭിനയിക്കാനുള്ള ഏത് അവസരവും താന്‍ സ്വീകരിക്കും. ജാസിച്ചേട്ടന്റെ ആല്‍ബത്തിലേക്ക് വിളിച്ചപ്പോള്‍ത്തന്നെ ഓക്കെ പറഞ്ഞിരുന്നു. ഇനി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയാലും അദ്ദേഹത്തിന്റെ ഗാനത്തിനൊപ്പം അഭിനയിക്കാനാവുമോയെന്ന് അറിയില്ലല്ലോ. അങ്ങനെയാണ് ഈ ആല്‍ബത്തിലേക്ക് എത്തിയത്. 2020ലായിരുന്നു സീരിയലിലേക്ക് വന്നത്. ഈ ആല്‍ബത്തിലേക്ക് ക്ഷണിച്ചത് ക്യാമറാമാനായ പ്രശാന്ത് കൃഷ്ണനാണ്. ക്രൂ മെമ്പേഴ്സ് എല്ലാം നല്ല പിന്തുണയാണ് തന്നത്. നന്നായി പ്ലാന്‍ ചെയ്താണ് ഷൂട്ട് തുടങ്ങിയത്. ഒന്നോ രണ്ടോ ടേക്കില്‍ എല്ലാം ഓക്കെയായിരുന്നു. ആ ആല്‍ബത്തിലെ നായിക ഹിന്ദിക്കാരിയാണ്. എനിക്ക് ഹിന്ദി അറിയില്ല. ഞാന്‍ മലയാളത്തിലാണ് അവളോട് സംസാരിച്ചത്. അവള്‍ ക്യാ എന്ന് ചോദിക്കും. അത് കേട്ട് ഞാന്‍ ചിരിക്കും. അങ്ങനെയാണ് റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിച്ചത്.

അയ്യോ ഇത് സൂരജേട്ടനാണോ, ഇതൊന്നും കാണാന്‍ വയ്യേ എന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. ആ സീന്‍ എങ്ങനെ നന്നാക്കാന്‍ പറ്റുമെന്നാണ് ഞാന്‍ എപ്പോഴും ചിന്തിക്കാറുള്ളത്. ആദ്യം വന്ന ആല്‍ബം അച്ഛനേയും അമ്മയേയും കാണിച്ചിരുന്നു. ഇതും കാണിക്കുമോയെന്നായിരുന്നു നിന്‍ചിരിയുടെ പോസ്റ്റര്‍ കണ്ടവര്‍ ചോദിച്ചത്. അച്ഛനേയും അമ്മയേയും ഇരുത്തി ഞാന്‍ വീഡിയോ കാണിച്ചിരുന്നു. അച്ഛന്‍ ഇങ്ങനെ മുകളിലേക്കൊക്കെ നോക്കുകയായിരുന്നു. അമ്മ രൂക്ഷമായൊന്ന് നോക്കി. നീ ഇതിനാണോ കൊച്ചിയിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ ചോദ്യം. സിനിമയാണ് തന്റെ ലക്ഷ്യമെന്ന് സൂരജ് വളരെ മുന്‍പേ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനെ കണ്ടതിനെക്കുറിച്ചും ഹൃദയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും സൂരജ് തുറന്നുപറഞ്ഞിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത് അവര്‍ രക്ഷപ്പെടുന്നതൊക്കെ കണ്ടിരുന്നു. 10 സെക്കന്‍ഡാണ് ഞാന്‍ ഹൃദയത്തിലുള്ളത്. ആ രംഗം കട്ട് ചെയ്താലും ഇല്ലെങ്കിലും വിനീതേട്ടനൊപ്പവും ആദ്യമായി സിനിമാ ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നുവെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

 

Related posts