നിങ്ങളുടെ ഗ്രാമം പട്ടിണിയാകില്ല! വീണ്ടും സോനു സൂദ് മാജിക്!

നായകനായും പ്രതിനായകനായും സഹതാരമായും ഇന്ത്യൻ സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ് സോനു സൂദ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ചാരിറ്റിയിലും നടന്‍ സോനു സൂദിന്റെ സഹായങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് താരം നിരവധി പാവപ്പെട്ടവര്‍ക്കാണ് സഹായത്തിനെത്തിയത്. കോവിഡ് ഒന്നാം തരംഗ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താന്‍ സഹായിച്ച സോനു സൂദ് ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

വീണ്ടും കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ പല സംസ്ഥാനങ്ങളും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ്. ഇതിനിടെ ഡാന്‍സ് ദീവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി മത്സരാര്‍ഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ വീണ്ടും കൈയ്യടി നേടുന്നു. മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് ലോക് ഡൗണിനെത്തുടര്‍ന്ന് തന്റെ ഗ്രാമീണര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കാര്യം വിശദീകരിച്ചത്. ലോക് ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ മുഴുവന്‍ ഗ്രാമത്തിന്റെയും ഭക്ഷണത്തിന്റെ ചെലവുകള്‍ താന്‍ വഹിക്കാമെന്ന് ഉടനെ തന്നെ നടന്‍ അറിയിക്കുകയായിരുന്നു.

ഉദയ്, നിങ്ങളുടെ ഗ്രാമത്തിലുള്ളവരോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോക് ഡൗണ്‍ അത് ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നിങ്ങളുടെ ഗ്രാമം മുഴുവന്‍ റേഷന്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. ലോക്ഡൗണ്‍ എത്രനാള്‍ തുടര്‍ന്നാലും പരിഭ്രമിക്കരുതെന്ന് അവരോട് പറയുക. ലോക് ഡൗണ്‍ എത്ര നാള്‍ നീണ്ടാലും ആര്‍ക്കും അവിടെ പട്ടിണി കിടക്കേണ്ടി വരില്ല’ -സോനു സൂദ് പറഞ്ഞു.

Related posts