വില്ലനായും സഹതാരമായും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതനായ സോനൂ സൂദ് കോവിഡ് കാലത്ത് ഹീറോ ആകുന്നതാണ് നാം കണ്ടതാണ്. ഇപ്പോഴിതാ സോനു സൂദിന്റെ കാരുണ്യം കേരളത്തിലേക്കും. പിന്നോക്ക ജില്ലയായ വയനാട്ടിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് താരം എത്തുന്നത്. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ ഇവിടുത്തെ കുട്ടികള്‍ക്ക് ഫോണ്‍ മൊബൈല്‍ ടവര്‍ നിര്‍മിച്ച് നല്‍കാമെന്നാണ് താരം ഉറപ്പ് നല്‍കിയിരിക്കുന്നത്. വയനാട്ടിലെ തിരുനെല്ലിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്തതു കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നത്.
വീടുകളില്‍ റേഞ്ചില്ലാത്തതുകാരണം കിലോമീറ്ററുകളോളം താണ്ടി പൊതുനിരത്തിലെത്തിയാണ് പലരും ദിവസവും ക്ലാസില്‍ പങ്കെടുക്കുന്നത്. പ്രദേശത്തെ റേഞ്ച് ലഭിക്കുന്ന ഭാഗമായ റോഡിന്റെ ഇരുവശത്തുമിരുന്നാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്.
വന്യ ജീവികളെ ഭയന്ന് ക്ലാസ് കേള്‍ക്കുന്ന കുട്ടികള്‍ക്ക് ആശ്വാസമാകുന്നതാണ് താരത്തിന്റെ പുതിയ ഇടപെടല്‍. രാജ്യത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലാണ് ബോളിവുഡ് താരം സോനുസൂദ്. വിവിധ സംസ്ഥാനങ്ങളില്‍ താരം നിരവധി സേവനങ്ങള്‍ ചെയ്യുന്നുണ്ട്.