ഉത്തരാഖണ്ഡിൽ നിന്നുള്ള മനോഹര ചില ഹിമാലയകാഴ്ചകൾ; അധികമാരും അറിയാത്ത ചില സ്ഥലങ്ങളും

Some-beautiful-Himalayan-views-from-Uttarakhand

‘ദേവഭൂമി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരാഖണ്ഡ് പ്രശസ്തമായ ധാരാളം ആരാധനാ കേന്ദ്രങ്ങളുണ്ട്; അതുമാത്രമല്ല, കണ്ണിനു കുളിര്‍മയേകുന്ന ഒട്ടനവധി സുന്ദരമായ കാഴ്ചകളും പ്രകൃതി ആവോളം കനിഞ്ഞനുഗ്രഹിച്ച ഉത്തരാഖണ്ഡില്‍ കാണാം. മഞ്ഞു പൊതിഞ്ഞു കിടക്കുന്ന ഹിമാലയന്‍ മലനിരകളും പച്ചയുടെ വിവിധ ഭാവങ്ങള്‍ ആവാഹിച്ച വനപ്രദേശങ്ങളുമെല്ലാം മായികമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ അധികം ആളുകളോ ബഹളമോ ഒന്നുമില്ലാത്ത നിരവധി മനോഹരസ്ഥലങ്ങളും ഉത്തരാഖണ്ഡിലുണ്ട്. അത്തരം ചില സ്ഥലങ്ങള്‍ ഇതാ.

1 . ഖിര്‍സു

ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയില്‍ 1700 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ് ഖിര്‍സു. പൗരിയിൽ നിന്ന് 11 കിലോമീറ്ററും ഡെറാഡൂണില്‍ നിന്ന് 92 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പ്രകൃതിമനോഹാരിതയ്ക്ക് ഏറെ പേരുകേട്ട ഖിര്‍സുവില്‍ നിന്നും 300 കിലോമീറ്റർ വിസ്തൃതിയില്‍ ഹിമാലയത്തിന്‍റെ കാഴ്ചകള്‍ കാണാന്‍ സാധിക്കും. മഞ്ഞുമൂടിയ ത്രിശൂൽ, നന്ദദേവി, നന്ദകോട്ട്, പഞ്ച്ചുലി കൊടുമുടികൾ ഇവിടെ നിന്നും കാണാം. പൈന്‍, ഓക്ക്, ദേവദാരു മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിയിലൂടെയുള്ള നടത്തം പോലും ഹൃദയം തൊടുന്ന അനുഭവമാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക.

Khirsu, uttarakhand

 

2 . പാങ്ങോട്ട്

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നൈനിറ്റാളില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പാങ്ങോട്ട് ഹില്‍സ്റ്റേഷന്‍. പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഇവിടം, ഏകദേശം മുന്നൂറോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇവിടെയുണ്ട്. വേനല്‍ക്കാലത്ത് പ്രസന്നമായ കാലാവസ്ഥയും മഞ്ഞുകാലത്ത് വെള്ളത്തൊപ്പിയിട്ടതുപോലെയുള്ള ഹിമാലയന്‍ മലനിരകളുടെ കാഴ്ചയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് മികച്ച ഒരു ഡെസ്റ്റിനേഷനായിരിക്കും ഇവിടം എന്നതില്‍ സംശയമില്ല. മൗണ്ടന്‍ ബൈക്കിംഗ്, ക്യാമ്പിങ്, ട്രെക്കിങ് തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യമുണ്ട്. നൈന പീക്കിലേക്കും ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലേക്കും എത്തുന്ന ട്രെക്കിങ് പാതകളുണ്ട്.

Khirsu, uttarakhand

 

3 . ചോപ്ത

അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത അതിസുന്ദരമായ ഒരു ഗ്രാമമാണ് ചോപ്ത. “ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്സർലൻഡ്” എന്നും ഇത് അറിയപ്പെടുന്നു. പാഞ്ച് കേദാര്‍ ക്ഷേത്രം, ചന്ദ്രശില പീക്ക് തുടങ്ങിയ ട്രെക്കിങ്ങുകള്‍ ഇവിടെ ഏറെ പ്രസിദ്ധമാണ്. മഞ്ഞുകാലമാണ്‌ ട്രെക്കിങ് യാത്രകള്‍ക്ക് ഏറെ അനുയോജ്യം. അധികം ചെലവേറിയ യാത്രയല്ല എന്നതും സഞ്ചാരികള്‍ക്ക് ആകര്‍ഷകമായി തോന്നാവുന്ന ഒരു കാര്യമാണ്.

chopta, uttarakhand

4 . മാന

ഇന്ത്യക്കും ചൈനക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അവസാന അതിര്‍ത്തി ഗ്രാമമാണ് മാന. ഏകദേശം 3,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബദരിനാഥില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരെയാണ്. സഞ്ചാരകേന്ദ്രമായ  നീല്‍കാന്ത് കൊടുമുടി, താപ്ത് കുന്ദ്, വ്യാസ് ഗുഹ, വസുധാര വെള്ളച്ചാട്ടം, സാതോപന്ത് തടാകം, ഭിം പുല്‍, സരസ്വതി ക്ഷേത്രം തുടങ്ങി മനോഹരമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയും പരിസരപ്രദേശങ്ങളിലുമായുണ്ട്.

Vasudhara Falls Trek, Mana

5 . മുന്‍സിയാരി

പിത്തോറഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുൻസിയാരി. സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ‘ഹിമമുള്ള സ്ഥലം’ എന്നാണ് മുൻസിയാരി എന്ന വാക്കിനര്‍ത്ഥം. പ്രകൃതി മനോഹാരിത കൊണ്ടുതന്നെ ‘ലിറ്റിൽ കശ്മീർ’ എന്നും മുന്‍സിയാരിയെ വിശേഷിപ്പിക്കാറുണ്ട്.

munsiyari hill station in uttarakhand

ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഇവിടം. രലം, മിലം, നമിക് ഗ്ലേസിയര്‍, ഖാലിയ ടോപ്‌, ചിപ്ലകോട്ട് ബുഗ്യാല്‍, നന്ദാദേവി, ഖലിക പാസ്, ബിര്‍ത്തി വെള്ളച്ചാട്ടം, മെഹ്സര്‍ കുന്ദ് എന്നിവയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍.

Related posts