മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാർ. സിത്താര എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ഗാനം വൈറലായി മാറിയത്. ഇപ്പോൾ മലയാളികളുടെ പ്രിയ ഗായിക സിത്താര എത്തിയിരിക്കുന്നത് ഈ ഈ ഗാനം ആലപിക്കാൻ അവസരം നൽകിയവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ്. സിത്താര തന്റെ നന്ദി അറിയിച്ചിരിക്കുന്നത് സമൂഹ മാധ്യമത്തിലൂടെയാണ്.
മൈത്രിയും വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഈ ഗാനം എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ ഗാനത്തിന്റെ മനോഹരമായ വരികൾ എഴുതിയ ശ്രീ ഹരിനാരായണനോടും ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ച സാമുവൽ എബി, മിഥുൻ ആനന്ദ്, കിരൺ ലാൽ, നിഷാന്ത്, കല എന്നിവരോടും ഞങ്ങളുടെ ജോലികളെ മനസ്സിലാക്കി കൃത്യമായി വേതനം തന്ന മൈത്രിയോടും പ്രത്യേകം നന്ദി പറയുന്നു- സിത്താര കുറിച്ചു.
പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയിലും പെട്ട് കലാകാരന്മാർ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്. വരും വർഷങ്ങൾ കലാകാരന്മാർക്ക് അർഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ- ഗായിക പറഞ്ഞു. സിത്താരയുടെ നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം എന്ന് തുടങ്ങുന്ന ഗാനമാണ് വൈറൽ ആയത്. ഗാനത്തിനായി വരികളൊരുക്കിയത് ബി.കെ ഹരിനാരായണനാണ്. എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് ഈ ഗാനം മലയാളികളിലേക്കെത്തിയത്.