മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ് സിതാര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ താരം ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോളിതാ സിതാര പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
അച്ഛൻ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ! ഞങ്ങളുടെ അച്ഛൻ മുരളി മാഷെക്കുറിച്ച് സഹപ്രവർത്തകർ, വിദ്യാർഥികൾ, കൂട്ടുകാർ എല്ലാം കുറിച്ചിടുന്ന ഓർമ്മകൾ ഉറക്കെ വായിക്കുകയായിരുന്നു ഞാൻ അമ്മയ്ക്കും ഏട്ടനും കേൾക്കാനായി! അവരുടെ ജീവിതത്തിലെ നിറമുള്ള ഓർമ്മകൾ പലതും വന്നുപോകുന്നത് എനിക്കിപ്പോൾ കാണാം!!! മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ.. നാടക നടനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങൾ!! സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് സെക്രട്ടറി… അച്ഛൻ നേടിയ പുരസ്‌കാരങ്ങളും വഹിച്ച പദവികളും ഒരുപാടാണ്!! കുട്ടികാലത്തെ കഥകൾ പരസ്പരം പറഞ്ഞു കേൾപ്പിക്കുക ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളിൽ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവർത്തനം എല്ലാം നിറഞ്ഞു നില്കും! മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അച്ഛൻ നാലാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു!!!!
ഇത്രയേറെ ചിട്ടയോടെ നിഷ്ഠയോടെ ഒരു ദുശ്ശീലങ്ങളും ഇല്ലാതെ ജീവിച്ച ഒരാൾക്ക് അർബുദബാധ, പ്രകൃതിയുടെ ഒരനീതിയായി തോന്നുന്നു! 57 രാജ്യങ്ങൾ കണ്ടിട്ടുണ്ട് അച്ഛനും അമ്മയും… സഞ്ചാരപ്രിയനായ അച്ഛൻ വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് യാത്ര പോവുകയാണ്!!! അച്ഛന്റെ ഒരംശം എന്റെ കൂടെയുണ്ട്! ഏട്ടാ, നിങ്ങൾ അച്ഛനോളം സുന്ദരനല്ല, പക്ഷെ ഭംഗിയുള്ള ആ ചിരിയും, കടുകിട മാറാത്ത നിഷ്ഠകളും, എഴുത്തും കൈമുതലായി കിട്ടിയിട്ടുണ്ട്.. അച്ഛന്റെ പുസ്തകം പൂർത്തിയാക്കണം.. അച്ഛന്റെ ഓർമ്മകൾ അതേ തെളിച്ചത്തോടെ നിർത്താനുള്ള എല്ലാം ചെയ്യാം നമുക്ക് ! നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛൻ നിങ്ങളെ വളർത്തിയിരിക്കുന്നത്!
View this post on Instagram