ആ ഒരൊറ്റ സംഭവം മതി ചിത്ര ചേച്ചി ആരാണെന്ന് അറിയാൻ: മനസ്സ് തുറന്ന് വേണുഗോപാൽ

ഗായകൻ വേണുഗോപാൽ എത്തിയിരിക്കുന്നത് ഗായിക കെ.എസ് ചിത്രയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തിക്കൊടുക്കാനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കെഎച്ച്എൻഎ വാഷിംഗ്ടൺ സംഘടന, പത്മ അവാർഡ് നേടിയവർക്ക് സൂമിൽ നൽകിയ സ്വീകരണത്തിൽ ചിത്രയെ പരിചയപ്പെടുത്തി നടത്തിയ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ ആണ്. എന്നും തികഞ്ഞ മാനുഷിക മൂല്യമുള്ള ആളാണ് ചിത്രയെന്നും അത് വ്യക്തി ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ആളാണ് താനെന്നും ചിത്രയുടെ നല്ല മനസ്സ് വിവരിക്കാൻ ഈ ഒരു അനുഭവം മാത്രം മതി എന്നും വേണുഗോപാൽ പറഞ്ഞു.

ചിത്രയുടെ സ്വരം ആണ് ഭാര്യാസഹോദരൻ രാമചന്ദ്രൻ പക്ഷാഘാതം ബാധിച്ച് കിടന്നപ്പോൾ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് എന്ന് വേണുഗോപാൽ പറയുന്നു. രാമചന്ദ്രൻ വയലിനിസ്റ്റ് ആയിരുന്നു. അദ്ദേഹം പ്രശസ്തരായ ഒട്ടുമിക്ക സംഗീതജ്ഞർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷാഘാതം ബാധിക്കുന്നത് സംഗീതരംഗത്ത് ഉയർച്ചയിൽ നിൽക്കുമ്പോൾ ആയിരുന്നു. വെന്റിലേറ്ററിൽ ആയ അദ്ദേഹം ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു എന്നും വേണുഗോപാൽ പറയുന്നു.

ഐസിയുവിലേക്കു മാറ്റിയ അന്ന് അദ്ദേഹത്തെ കാണാൻ ചിത്ര ആശുപത്രിയിലെത്തി. ശേഷം പാടറിയേൻ പടിപ്പറിയേൻ എന്ന പാട്ടിന്റെ ഏതാനും വരികൾ രാമചന്ദ്രന്റെ കട്ടിലിൽ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേർന്ന് ആലപിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പെട്ടന്ന് രാമചന്ദ്രൻ പ്രതികരിച്ചു. അദ്ദേഹം ദ് ഗോൾഡൻ വോയ്സ് ഓഫ് ചിത്ര എന്നു പറഞ്ഞുകൊണ്ട് ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു എന്ന് വേണുഗോപാൽ പറയുന്നു. മാനുഷിക മൂല്യത്തോടെയുള്ള ചിത്രയുടെ പെരുമാറ്റമാണ് ചിത്രയെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts