മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ താരമിപ്പോൾ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത് ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ കൂടിയാണ്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോഴിതാ മകൾ സാവൻ ഋതുവിനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച്, കുറിപ്പുമായെത്തിയിരിക്കുകയാണ് സിതാര. എന്റെ അമ്മ. അവളുടെ അമ്മമ്മ. അമ്മ ഇല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും എന്തു ചെയ്യുമായിരുന്നു. പഠിക്കാനും പാടാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും കളിക്കാനും പ്രാക്ടീസ് ചെയ്യാനും ചിരിക്കാനും ജീവിക്കാനുമൊക്കെ! നിസംശയം പറയാനാകും, അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അമ്മ കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം, ഒരു ദിവസം ജോലിത്തിരക്കുമായി ബന്ധപ്പെട്ട് എനിക്ക് അതിരാവിലെ പോകേണ്ടിവന്നപ്പോൾ സായു ഉറങ്ങുകയായിരുന്നു. അവളെ ഉണർത്താൻ എനിക്കു തോന്നിയില്ല. അവളെ കാണിക്കാൻ വേണ്ടി എന്റെ അമ്മ ഒരു വിഡിയോ റെക്കോർഡ് ചെയ്തു. മറ്റൊരു ദിവസം ഞാൻ സംഗീതപരിപാടി കഴിഞ്ഞു വന്നപ്പോൾ വൈകി. പിറ്റേന്നു സ്കൂളിൽ പോകാൻ നേരം അവൾ എന്റെ അടുത്തു വന്നെങ്കിലും ഞാൻ ഉറങ്ങുന്നതു കണ്ട് എന്നെ ഉണർത്തിയില്ല.
ഈ വിഡിയോ അവൾ തന്നെ അവളുടെ അമ്മമ്മയുടെ ഫോണിൽ റെക്കോർഡ് ചെയ്തതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും രസകരവുമായ വസ്തുത എന്തെന്നാൽ, ഈ രണ്ട് വിഡിയോകൾ ഷൂട്ട് ചെയ്യുമ്പോഴും അവിടെ ഞങ്ങൾക്കു മുന്നിൽ ഉണർന്നിരുന്ന ഒരാളുണ്ട്. എന്റെ അമ്മ. അവളുടെ അമ്മമ്മ. അമ്മ ഇല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും എന്തു ചെയ്യുമായിരുന്നു. പഠിക്കാനും പാടാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും കളിക്കാനും പ്രാക്ടീസ് ചെയ്യാനും ചിരിക്കാനും ജീവിക്കാനുമൊക്കെ! നിസംശയം പറയാനാകും, അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അമ്മ കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നത്.