അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ച് വീഴുക എന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍! സിദ്ധാര്‍ത്ഥ് പറയുന്നു

കെ പി എ സി ലളിത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു താരം വിടപറഞ്ഞത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം എത്തിയത്. ഇപ്പോള്‍ അമ്മയെ കുറിച്ച് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ച് വീഴുക എന്നായിരുന്നു അമ്മയുടെ ആഗ്രഹം എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ താന്‍ അമ്മയെ കളിയാക്കുമായിരുന്നു. എന്നാല്‍ രോഗത്തിന് കീഴടങ്ങി ഓര്‍മ നശിക്കുന്ന കാലം വരെ, അഭിനയിക്കുക എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ ഇങ്ങനെ, അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴുക എന്നുള്ളതായിരുന്നു അമ്മയുടെ ആഗ്രഹം എന്നാല്‍ ഞാന്‍ അമ്മ പറയുന്നത് പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു. അമ്മ അങ്ങനെ പറയുമ്പോള്‍ ഞാന്‍ കളിയാക്കി വിടും. പക്ഷേ അമ്മയുടെ ജീവിതം അതുപോലെയാണ് സംഭവിച്ചത് എന്നുതന്നെ പറയാം. അവസാന നിമിഷം വരെ, അഭിനയിക്കാന്‍ ശാരീരിക സ്ഥിതി അനുവദിക്കുന്നതുവരെ അമ്മ അഭിനയിച്ചു. അങ്ങനെ നോക്കുമ്പോള്‍ അമ്മ ഒരു അനുഗൃഹീതകലാകാരിയാണ് . ഇങ്ങനെ ആഗ്രഹം പ്രകടിപ്പിക്കുന്ന ചിലരുണ്ട്. അലന്‍സിയര്‍ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അപ്പൊ ഞാന്‍ പുള്ളിയോട് ചോദിക്കും, എന്റെ അമ്മയ്ക്ക് ഈ അസുഖമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കും തുടങ്ങിയോ. അഭിനയത്തോടുള്ള പാഷന്‍ ആയിരിക്കും ഇങ്ങനെയുള്ള കലാകാരന്മാരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

അമ്മ ഒരു സ്വതന്ത്ര വ്യക്തിയായിരുന്നു. മക്കളാണെങ്കിലും അമ്മയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ ഞങ്ങള്‍ക്കൊരു പരിധി ഉണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ നീ പോടാ എന്ന് പറയും. അവിടെത്തീര്‍ന്നു. അമ്മ ചെറുപ്പം മുതല്‍ സ്വയം വളര്‍ന്നുവന്ന ആളാണ്. കല്യാണം കഴിഞ്ഞ് അമ്മ അച്ഛന്റെ പടത്തില്‍ അഭിനയിക്കുമ്പോള്‍പ്പോലും ലളിത ഭരതന്‍ എന്ന് അച്ഛന്‍ ഒരിക്കലും ക്രെഡിറ്റ്‌സില്‍ വച്ചിട്ടില്ല. നീ അങ്ങനെ തന്നെ അറിയപ്പെടണം എന്നുള്ളത് അച്ഛന്റെയും ആഗ്രഹമായിരുന്നു. അച്ഛന്റെ ആ പിന്തുണ ഉള്ളതുകൊണ്ടാണ് അമ്മ സ്വതന്ത്ര വ്യക്തിയായി ജീവിച്ചത്. അതുകൊണ്ടാണ് അച്ഛന്‍ വീണുപോയപ്പോള്‍ അമ്മയ്ക്ക് ഞങ്ങളെ നോക്കാന്‍ പറ്റിയത്. അച്ഛന്റെ മരണത്തിനു ശേഷം അമ്മ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമൊന്നും അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് അമ്മയ്ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

Related posts