ഒരു സ്വഭാവദൂഷ്യവുമില്ലാത്ത വ്യക്തിക്ക് വരാൻ പാടില്ലാത്ത അസുഖങ്ങളാണ് പിടിപെട്ടത്! സിദ്ദിഖിനെ കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ!

മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് സിദ്ദിഖിന്റെ വിയോഗ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കരൾ രോഗത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു സിദ്ദിഖ്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സിദ്ദിഖിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. നിരവധിപേരാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തികൊണ്ട് എത്തുന്നത്. ഒരു ദുശ്ശീലവുമില്ലായിരുന്ന സിദ്ദിഖിന് ഇത്തരത്തിലൊരു അസുഖം വന്നത് ഞെട്ടിപ്പിച്ചു എന്ന് തുറന്ന് പറയുകയാണ് നടൻ ജയറാം.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമയായി കണക്കാക്കുന്ന പ്രേംനസീറിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന നല്ല മനസ്സിന് ഉടമയാണ് സിദ്ദിഖ്. സിദ്ദിഖുമൊത്തുള്ള സൗഹൃദത്തിന്റെ ഓർമകളിലേക്ക് പോകണമെങ്കിൽ ഏകദേശം 40 വർഷം പിന്നിലേക്ക് സഞ്ചരിക്കണം. കലാഭവനും മുൻപേ തുടങ്ങിയ സൗഹൃദമാണ്. വൈകുന്നേരങ്ങളിൽ പുല്ലേപ്പടി ജങ്ഷനിൽ ഒത്തുകൂടുന്ന സൗഹൃദ കൂട്ടായ്മയിൽ സിദ്ദിഖ്, ഞാൻ, ലാൽ, കലാഭവൻ റഹ്മാൻ, സൈനുദീൻ, പ്രസാദ് എല്ലാവരും ഉണ്ടാകും. അതിനുശേഷം സിനിമയിലെത്തി.

എന്നെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്. സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങളൊന്നും സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യമാണ്. കാരണം ഒരു സ്വഭാവദൂഷ്യവുമില്ലാത്ത വ്യക്തിക്ക് വരാൻ പാടില്ലാത്ത അസുഖങ്ങൾ പിടിപെടുകയും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അത് ഇത്രയേറെ വ്യാപിച്ച്‌ ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂർ മുൻപ് ഈ വാർത്ത കേട്ടത് ഞെട്ടലോടെയാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. സിദ്ദിഖും ലാലും ഒക്കെ കലാഭവനിൽ നിന്ന് പോയിട്ട് ആ സ്ഥാനത്ത് ഞാനാണ് വന്നത്. ഒരുമിച്ച്‌ സിനിമകളിൽ വർക്ക് ചെയ്യാൻ സാധിച്ചു പക്ഷെ അതിനേക്കാളൊക്കെ ഉപരി ഇത്രയേറെ ഹൃദയശുദ്ധി ഉള്ള മനുഷ്യൻ വേറെ ഉണ്ടാകില്ല. അത്ര ശുദ്ധനായ മനുഷ്യനാണ്. സിദ്ദിഖിനെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി അവസാനമായി കണ്ടതിനു ശേഷം മാധ്യമങ്ങളോട് ജയറാം പറഞ്ഞു.

Related posts