യഥാർത്ഥ വസ്തുത മനസ്സിലാക്കാൻ ശ്രമിക്കാതെ ചിലർ വളച്ചൊടിക്കാൻ ശ്രമിച്ചു! വൈറലായി ശ്രുതി ഹാസന്റെ വാക്കുകൾ!

ഉലക നായകന്റെ മകൾ ശ്രുതി ഹാസനെ പാട്ടിലൂടെയാകും ആദ്യം പരിചയം തോന്നുന്നത്. തന്റെ ആറാമത്തെ വയസിൽ സിനിമയിൽ പാടിയാണ് ശ്രുതി വെളളിത്തിരയിലെത്തുന്നത്. തമിഴിലെ ഹേ റാം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടന്നു. ഏഴാം അറിവ് ത്രീ എന്നീ സിനിമകളിലൂടെ താരം തെന്നിന്ത്യയിൽ സിനിമയിൽ സജീവമായി. ഇപ്പോഴിതാ അടുത്തിടെ ശ്രുതി ഹാസൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. പിസിഒഎസുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടെന്നും വെളിപ്പെടുത്തി ശ്രുതി ചില വർക്കൗട്ട് വീഡിയോകളും കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ നിജസ്ഥിതി മനസ്സിലാക്കാതെ ശ്രുതി രോഗാതുരയാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. നിരവധി ആരാധകർ ശ്രുതിയുടെ ഇൻസ്റ്റ അക്കൗണ്ടിൽ കമന്റുകളും രേഖപ്പെടുത്തിയിരുന്നു.

തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളോടും പ്രചാരണങ്ങളോടും ഇപ്പോൾ പ്രതികരിക്കുകയാണ് ശ്രുതി.’ ഞാൻ കുറച്ച്‌ ദിവസങ്ങൾക്ക് മുമ്പ് പിസിഒഎസിനെക്കുറിച്ച്‌ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ രോഗം വെല്ലുവിളികൾ നിറഞ്ഞതു തന്നെയാണ്.പക്ഷെ, അതിനർത്ഥം ഞാൻ സുഖമില്ല എന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല. പോസിറ്റീവായി ചെയ്ത ഒരു കാര്യത്തെ യഥാർത്ഥ വസ്തുത മനസ്സിലാക്കാൻ ശ്രമിക്കാതെ ചിലർ വളച്ചൊടിക്കാൻ ശ്രമിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ആശുപത്രിയിൽ അഡ്മിറ്റാണോ എന്ന് ചോദിച്ച്‌ ഇപ്പോൾ നിരന്തരം കോളുകൾ വരികയാണ്. അങ്ങനെയൊരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഞാൻ തികച്ചും സുഖമായി തന്നെ ഇരിയ്ക്കുന്നു. എനിക്ക് വർഷങ്ങളായി പിസിഒഎസ് ഉണ്ട്. അതിനെതിരെയുള്ള കടുത്ത പോരാട്ടത്തിലുമാണ്. എന്നിരുന്നാലും നിങ്ങളുടെ ആശങ്കകൾ എന്നോട് പങ്കുവെച്ചതിന് വളരെയധികം നന്ദി.’ ശ്രുതി ഹാസൻ കുറിയ്ക്കുന്നു. പിസിഒഎസിനെക്കുറിച്ചും എൻഡോമെട്രിയോസിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും ശ്രുതി മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. പിസിഒഎഎസ്, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്‌നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ട്.

സ്ത്രീകൾക്ക് വെല്ലുവിളികൾ നിറഞ്ഞതും, അസന്തുലിതാവസ്ഥയും വീർപ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം. പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ! ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്.’ ശ്രുതി പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഹാസൻ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രഭാസ് നായകനായ സലാറാണ് താരത്തിന്റെ പുതിയ ചിത്രം.

Related posts