ഗായിക ശ്രേയ ഘോഷാൽ അമ്മയാകാനൊരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഗായിക തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇക്കാര്യം വളരെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് എല്ലാവരെയും അറിയിക്കുന്നതെന്ന് ഗായിക കുറിച്ചു. മാതൃവാത്സല്യത്തോടെ നിറവയറിൽ കൈ ചേർത്ത് നിൽക്കുന്നതിന്റെ ചിത്രം ശ്രേയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുന്ന ഈ സന്ദർഭത്തിൽ ഒപ്പമുണ്ടാകണമെന്നും ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ശ്രേയ ഘോഷൽ വിവാഹിതയായത് 2015ലാണ്. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്ന് രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്ത് എഴുതികൊണ്ടാണ് തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. ഗായികയുടെ പോസ്റ്റിനു തൊട്ടുപിന്നാലെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. തങ്ങളും കുഞ്ഞിന്റെ വരവിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
ശ്രേയ ഘോഷാൽ ബോളിവുഡിലെ പ്രമുഖ ഗായകരിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ്. ശ്രേയ ഘോഷാൽ നിരവധി മലയാള ഗാനങ്ങൾ ആലപിച്ചിട്ടുള്ളതിനാൽ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ശ്രേയ ഘോഷാൽ എന്ന ഗായികയെ മലയാളത്തിൽ അടയാളപ്പെടുത്തിയ പാട്ടുകളാണ് എന്നു നിന്റെ മൊയ്തീനിലെ ‘കാത്തിരുന്നു കാത്തിരുന്നു’, തീവണ്ടിയിലെ ‘ജീവാംശമായ്’, ചാർളിയിലെ ‘പുതുമഴയായ്’, തുടങ്ങിയവ.