ഷോബി തിലകൻ തന്റെ അച്ഛനായ തിലകനും മമ്മൂട്ടിയും തമ്മിലുണ്ടായ വഴക്കുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. അച്ഛൻ തിലകനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ‘തച്ചിലേടത്ത് ചുണ്ടൻ’ സിനിമ ചെയ്യുന്ന സമയത്ത് ഇരുവരും തമ്മിൽ വഴക്കായിരുന്നു. താൻ ഇവരുടെ വഴക്ക് എല്ലാ ദിവസവും കാണാറുണ്ടായിരുന്നെന്നാണ് ഷോബി തിലകൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
ചിരിയോടെയാണ് സത്യം പറഞ്ഞാൽ ഞാനത് കാണുന്നത്. ഒരു ടെൻഷനും എനിക്കതിൽ തോന്നിയിട്ടില്ല. അയാളങ്ങനെ പറഞ്ഞത് ശരിയല്ലല്ലോ എന്നൊക്കെ അച്ഛൻ പറയും. അച്ഛനെ എതിർക്കാനോ അനുകൂലിക്കാനോ ഞാൻ പോവാറില്ല. ഇത് രണ്ട് ദിവസം കഴിഞ്ഞാൽ റെഡി ആവുമെന്ന് എനിക്കറിയാം. രണ്ട് പേരും ഒരേ സ്വഭാവക്കാരാണ്. രണ്ട് പേർക്കും വഴക്കുണ്ടാക്കുന്നത് ആത്മസംതൃപ്തിയാണ്. ഒരു വഴക്കുണ്ടായി ചിലപ്പൊ രണ്ട് മിനിറ്റ് കഴിയുമ്പോൾ അത് മാറും. അച്ഛൻ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനിരുന്ന മൂന്നോളം സിനിമകൾ തച്ചിലേടത്ത് ചുണ്ടന് ശേഷം ഉണ്ടായിരുന്നു. അതിന്റെ പ്രൊഡ്യൂസർമാരെ വിളിച്ചിട്ട്, ‘ആരെയെങ്കിലും പറഞ്ഞ് വിട്ടാൽ അഡ്വാൻസ് തിരിച്ച് തന്നേക്കാം. മമ്മൂട്ടിയുടെ കോമ്പിനേഷൻ എനിക്ക് വേണ്ട. ഞാനയാളുടെ കൂടെ അഭിനയിക്കുന്നില്ല’ എന്ന് പറഞ്ഞ് അഡ്വാൻസ് തിരിച്ച് കൊടുത്തു. ഉടൻ മമ്മൂക്ക വിളിച്ച് സംസാരിച്ച് പ്രശ്‌നങ്ങളൊക്കെ തീർത്തു. അത്രേയുള്ളു കാര്യം
കുഞ്ഞുമോൻ താഹ സംവിധാനം ചെയ്ത ഓമനത്തിങ്കൾക്കിടാവോ എന്ന ടെലിഫിലിമിൽ അഭിനയിച്ച് മലയാള ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ച താരമാണ് ഷോബി തിലകൻ. ‘നാറാണത്തു തമ്പുരാൻ’ എന്ന ചിത്രത്തിൽ നടൻ ബാബുരാജിനു ശബ്ദം കൊടുത്തുകൊണ്ട് സിനിമാ ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിച്ചു. അച്ഛൻ തിലകനോടൊപ്പം നാടകത്തിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള ഷോബി അച്ഛന്റെ സംവിധാനമേൽനോട്ടത്തിൽ അഞ്ച് വേദികളിൽ നാടകത്തിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഞ്ച് തമിഴ് സിനിമകൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. യാത്ര, ഗ്രേറ്റ് ഫാദർ, പുതിയ നിയമങ്ങൾ എന്നീ ചിത്രങ്ങളുടെ തമിഴ് പതിപ്പിനു മമ്മൂട്ടിയ്ക്കു വേണ്ടി ഡബ്ബ് ചെയ്തത് ഷോബി തിലകനാണ്.