മലയാളികൾക്ക് ഏറെപ്രിയപ്പെട്ട നായികയാണ് ശോഭന. നടിയായും നർത്തകിയായും താരം തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന സൂപ്പർ നായികയായി മാറി. മോഹന്‍ലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം രജനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്ത് നൃത്തത്തിലും നൃത്ത വിദ്യാലയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. സുരേഷ് ഗോപി ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ തുടങ്ങിയവർ അണിനിരന്ന് 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തന്റെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം താരത്തിന് കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തതിൽ സന്തോഷിക്കുന്നുണ്ടെന്നും നടി കുറിച്ചിരുന്നു. ഇപ്പോൾ താൻ ഒക്കെ ആണെന്ന് പറഞ്ഞു കൊണ്ടാണ് ശോഭന എത്തിയിരിക്കുന്നത്. കുറച്ചുദിവസം മുമ്പത്തേക്കാൾ ഇപ്പോൾ നല്ല ഭേദം ഉണ്ടെന്നും എന്നും നടി പറയുന്നു.
ഇൻസ്റ്റയിൽ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് തന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് നടി പറയുന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ ഓക്കേയാണ്. അധികസമയവും ഉറക്കമാണ്. കുറച്ചു ദിവസം മുൻപത്തേക്കാൾ ഇപ്പോൾ നല്ല ഭേദമുണ്ട്. കണ്ടില്ലേ ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്- ശോഭന പറഞ്ഞു.
ഒമിക്രോൺ പിടിപെട്ടതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ, ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്‌സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ?ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.