മലയാളികൾക്ക് ഏറെപ്രിയപ്പെട്ട നായികയാണ് ശോഭന. നടിയായും നർത്തകിയായും താരം തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന സൂപ്പർ നായികയായി മാറി. മോഹന്‍ലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം രജനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്ത് നൃത്തത്തിലും നൃത്ത വിദ്യാലയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. സുരേഷ് ഗോപി ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ തുടങ്ങിയവർ അണിനിരന്ന് 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തന്റെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരുന്നു.
ഇപ്പോഴിതാ ശോഭന വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണോ എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളിലുയരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ക്യാപ്റ്റനെ സന്ദര്‍ശിച്ചു എന്നാണ് ചിത്രത്തോടൊപ്പം ശോഭന കുറിച്ചിരിക്കുന്നത്. ഇതുവരെയുള്ള സി.ബി.ഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്? എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാല്‍ അത് പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമായിരിക്കും.
2012 ലെ വാഹനാപകടത്തിന് ശേഷം 9 വര്‍ഷമായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഹാസ്യസാമ്രാട്ട് ജഗതി സി.ബി.ഐയിലൂടെ തിരിച്ചു വരുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.