മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാളികൾക്ക് എന്നെന്നും കണ്ട് ആസ്വദിക്കാനായി ഒരുപാട് നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയായി മാത്രമല്ല നർത്തകിയായും ശോഭന പ്രശസ്തയാണ്. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്തം എന്നും താരത്തിന് പ്രിയപ്പെട്ടതാണ്. സിനിമയിൽ നിന്നും താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ കൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് ശോഭന നടത്തിയത്. ഇപ്പോൾ നൃത്തവും മകൾ അനന്തനാരായണിയുമാണ് ശോഭനയുടെ ലോകം എന്ന് തന്നെ പറയാം. ശോഭന അവിവാഹിതയാണ് എങ്കിലും ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ് താരം. 2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്.
മകളെക്കുറിച്ച് മുമ്പൊരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആർട്ടിസ്റ്റായി ജീവിതം കിട്ടിയതിൽ വളരെ ഹാപ്പിയാണ്. സ്കൂളിൽ പോകുന്ന സമയത്ത് തന്നെ ഒരു അൺ റെസ്റ്റ് എനിക്കുണ്ടായിരുന്നു. ആ സമയത്ത് പിള്ളേര് കളിയാക്കും. ഇപ്പോൾ എന്റെ മകൾ എപ്പോഴും പാടിക്കൊണ്ടും ആടിക്കൊണ്ടുമിരിക്കും. നല്ല ശ്രുതിയാണ്. സ്കൂളിൽ കൊണ്ടുപോയാൽ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. കാരണം എന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. ഓ അവൾ ഡ്രാമ കളിക്കുന്നു എന്നൊക്കെ പറയും. സ്കൂൾ ജീവിതത്തിൽ ഞാനൊരു മിസ് ഫിറ്റായിരുന്നു. കാരണം കലാകാരിയെന്നത് ഒരു ആഘോഷമാണ്. ചെയ്യുന്ന ജോലി ഞാൻ സന്തോഷത്തോടെയാണ് ചെയ്യുന്നത്. പ്രോഗ്രാം എന്നാൽ എനിക്കൊരു സെലിബ്രേഷനാണ്. സിനിമകളും അങ്ങനെയാണ്.
ജീവിതം തിരിച്ച് കിട്ടുകയാണെങ്കിൽ ഇത് തന്നെ തെരഞ്ഞെടുക്കണം. 1975 മുതൽ 1995 വരെ ഒരു ദിവസം പോലും വീട്ടിലിരുന്നിട്ടില്ല. അത്രയും തിരക്ക് പിടിച്ച് അഭിനയിക്കുകയായിരുന്നെന്നും ശോഭന ഓർത്തു. മകളുടെ വിചാരം അവൾ വലിയ ഡാൻസറാണെന്നാണ്. ഞാനാണ് അവളുടെ കൃഷ്ണനും രാധയുമെല്ലാം. മകൾ നൃത്തത്തിൽ അരങ്ങേറ്റം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭന അന്ന് വ്യക്തമാക്കി. നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും ശോഭന അന്ന് സംസാരിച്ചു. നൃത്തം എന്നെ ആവേശം കൊള്ളിക്കുന്ന സബ്ജക്ടാണ്. ഒരു ത്രിൽ ആണ്. ചെറിയ കലാകാരാണ്, സ്റ്റുഡന്റ് ആണ് എന്നൊന്നും പറയാൻ പറ്റില്ല. എത്ര കുറച്ച് അറിയുന്നവരും അവരുടേതായ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റ് എന്നത് വേറൊരു റേസ് ആണ്. ലോജിക്കോ അത്ര വലിയ പ്ലാനിംഗോ ഇല്ല. അങ്ങനെയുള്ളവരെ നമ്മൾ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ശോഭന വ്യക്തമാക്കി. എനിക്ക് മൂന്ന് ദിവസം റിഹേഴ്സൽ ചെയ്തില്ലെങ്കിലും തിരിച്ചെത്തുക ബുദ്ധിമുട്ടാണ്. സാധകം തുടരെ ചെയ്യേണ്ടതുണ്ടെന്നും ശോഭന ചൂണ്ടിക്കാട്ടി.