നമ്മളൊക്കെ ഇത്രകാലം ഈ ഫീൽഡിൽ ഇരുന്നിട്ട് ഒന്നും നടന്നിട്ടില്ല, ഇവനൊക്കെ ബോംബെയിൽ നിന്ന് വന്നിട്ട് മമ്മൂക്കയെ വെച്ച് എന്ത് ചെയ്യാനാണ്! വൈറലായി ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ!

മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് താരം മലയാളികളുടെ മനസ്സിലിടം നേടിയിട്ടുണ്ട്. മലയാളസിനിമയിൽ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് ശേഷമാണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്. വിചിത്രമാണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലേക്ക് എത്തിയ ഷൈൻ ചിത്രം. അമൽ നീരദിനെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം ഓർമവരുന്നത് ബോംബെയാണെന്ന് ഷൈൻ ടോം ചാക്കോ. സംവിധായകൻ അമൽ നീരദിനൊക്കെ മമ്മൂട്ടി ഡേറ്റ് കൊടുക്കുമോ എന്ന് ചിന്തിച്ചിരുന്നുവെന്നും ഷൈൻ പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അമൽ നീരദിനെ കുറിച്ച് പറയുമ്പോൾ ബോംബെ എന്ന് ഓർമ വരും. അമൽ ബോംബെയിൽ ക്യാമറാമാൻ ആയിരുന്നു. ആഷിഖാണ് പറഞ്ഞത് ബോംബെയിൽ നിന്ന് ഒരു ടീം വരുന്നുണ്ടെന്ന് കഥ പറയാൻ. അമലും സമീർ താഹിറും ആയിരുന്നു അത്. ഞങ്ങളന്ന് കമൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുകയാണ്. കറുത്തപക്ഷികളുടെ ലൊക്കേഷനിൽ അമലും സമീറും വന്നു. അമലിനെ കാണിച്ചിട്ട് ഇത് അമൽ, ബോംബെയിൽ ക്യാമറാമാനാണ്, രാംഗോപാൽ വർമയുടെ കമ്പനിയിൽ എന്നൊക്കെ പറഞ്ഞു. ഞാൻ വിചാരിച്ചത് ഏതോ കമ്പനിയുടെ ക്യാമറാമാൻ ആണെന്നാണ്. അന്ന് എനിക്ക് ഇവരെയൊന്നും അറിയില്ല. ഹിന്ദി പടം ഒന്നും കാണാറില്ല, മലയാളവും തമിഴും മാത്രമാണ് കണ്ടിരുന്നത്.

അന്ന് ബോംബെ എന്നൊക്കെ പറഞ്ഞപ്പോൾ ആലോചിച്ചു നമ്മളൊക്കെ ഇത്രകാലം ഈ ഫീൽഡിൽ ഇരുന്നിട്ട് ഒന്നും നടന്നിട്ടില്ല, ഇവനൊക്കെ ബോംബെയിൽ നിന്ന് വന്നിട്ട് മമ്മൂക്കയെ വെച്ച് എന്ത് ചെയ്യാനാണ്. മമ്മൂക്ക് ഇവർക്കൊക്കെ ഡേറ്റ് കൊടുക്കുമോ’ എന്നൊക്കെ ആലോചിച്ചിരുന്നു. പടം കണ്ടപ്പോൾ മനസിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്, ഷൈൻ ടോം ചാക്കോ പറഞ്ഞു.

Related posts