മലയാള സിനിമയിൽ ചരിത്രമായി മാറിയിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, ഗുരു സോമസുന്ദരം ഫെമിന ജോർജ് ഷെല്ലി കിഷോർ തുടങ്ങിയവരാണ് ചിത്രരഹിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഷെല്ലി അവതരിപ്പിച്ച ഉഷ എന്ന കഥാപാത്രം. തിരുവനന്തപുരം സ്വദേശിയാണ് ഷെല്ലി. കുങ്കുമപൂവ് എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കേരള കഫെ, തങ്ക മീങ്കൾ, സഖാവ്, ഈട തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചും പങ്കുവെയ്ക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.
ഷെല്ലിയുടെ വാക്കുകള്‍ ഇങ്ങനെ, തിരുവനന്തപുരം ചിറയിന്‍കീഴാണ് സ്വദേശമെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. സിവില്‍ എന്‍ജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നെ അമ്മയും സഹോദരനും. ഇതായിരുന്നു കുടുംബം.ദുബായില്‍ സര്‍ക്കാരിന്റെ പൊതുമരാമത്ത് വിഭാഗത്തിലായിരുന്നു അച്ഛന്‍ ജോലി ചെയ്തിരുന്നത്. ദുബായ് എയര്‍പോര്‍ട്ടിന്റെ റണ്‍വേ ഒക്കെ നിര്‍മിച്ച സംഘത്തില്‍ അച്ഛനുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കായുള്ള ഒരു ഹൗസിങ് കോളനിയിലെ വില്ലയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെയുള്ള ഇത്തിരി സ്ഥലത്ത് ഞങ്ങള്‍ വാഴയും ചീരയും മുരിങ്ങയുമൊക്കെ നട്ടുപിടിപ്പിച്ചിരുന്നു. ഇങ്ങനെ ചെറുപ്പത്തിലേ പ്രവാസിയായതുകൊണ്ട് നാട്ടിലേക്കുള്ള ഓരോ വരവും നിറമുള്ള ഓര്‍മകള്‍ നിറഞ്ഞതായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നൃത്തം, നാടകം, സ്‌പോര്‍ട്‌സ് എന്നിവയിലെല്ലാം സജീവമായിരുന്നു. പഠനം കഴിഞ്ഞു ദുബായില്‍ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. മനോരമ പത്രത്തില്‍ പരസ്യം കണ്ട് എന്റെ കൂട്ടുകാരി അയച്ചു തന്നതാണ്. പക്ഷേ ആ സിനിമ റിലീസ് ആയില്ല. ഇതിനിടയ്ക്ക് ചേട്ടന് പഠനസമയത്ത് ഹോസ്റ്റലില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടായി. പുള്ളി വീടിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമമായി. അങ്ങനെ ഞങ്ങള്‍ ചിറയിന്‍കീഴുള്ള വീടും സ്ഥലവും വിറ്റ് ചേട്ടന്റെ പഠന സൗകര്യാര്‍ഥം തൈക്കാടേക്ക് മാറി. അവിടെ വീട് മേടിച്ച് താമസമായി. അവിടെയാണ് ഞാനും എന്റെ മകനും അമ്മയും ഇപ്പോള്‍ താമസിക്കുന്നത്.
പഠിക്കുന്ന കാലം തൊട്ടേ, സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ പര്യാപ്തയായിരുന്നു. അഭിനയമായിരുന്നു എന്റെ സൈഡ് വരുമാനം. കുറച്ചുകാലം ജോലി ചെയ്ത് വരുമാനം ഉണ്ടാക്കി അതുപയോഗിച്ച് പുതിയതെന്തെങ്കിലും പഠിക്കുക എന്നതാണ് രീതി. മഴവില്‍ മനോരമയ്ക്ക് വേണ്ടി ‘സ്ത്രീപദം’ എന്ന സീരിയല്‍ ചെയ്തുകഴിഞ്ഞപ്പോഴാണ് കോവിഡ് പ്രതിസന്ധി മൂലം ഇന്‍ഡസ്ട്രി നിശ്ചലമായത്. ആ സമയത്ത് ഞാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം മാസ്റ്റേഴ്‌സ് കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നു. ഇപ്പോള്‍ ഒരു ഐടി കമ്പനിയില്‍ കണ്ടന്റ് റൈറ്റര്‍ ആണ്. അതിനിടയ്ക്കാണ് സിനിമയില്‍ അഭിനയിക്കുന്നത്. എന്റെ ജീവിതത്തില്‍ കൂടുതലും ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ്.മിന്നല്‍ മുരളിക്ക് ശേഷം പലരും കഥ പറയാന്‍ വിളിക്കുന്നുണ്ട്. പുതിയ പ്രോജക്ട് ഒന്നും കണ്‍ഫേം ചെയ്തിട്ടില്ല. വെറുതെ മുഖം കാണിച്ചുപോകുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല. മിന്നല്‍ മുരളിയിലെ പോലെ ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ഇനിയും ചെയ്യണം എന്നാഗ്രഹമുണ്ട് .ജോലി, അഭിനയം, പഠനം, കുടുംബം..ഇവയെല്ലാം ബാലന്‍സ് ചെയ്തു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. മകന്‍ യുവന്‍ രണ്ടാം ക്ളാസില്‍ പഠിക്കുന്നു. അവനാണ് എന്റെ ലോകം. സ്വന്തം സമ്പാദ്യം കൊണ്ട് ഒരു കുഞ്ഞുവീട് വയ്ക്കണം എന്നൊരു സ്വപ്നം ഇനിയുണ്ട്. എനിക്കും മകനും മാത്രമായി ഒരു കൊച്ചുലോകം.