മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷറഫുദ്ദീൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അൽഫോൺസിന്റെ തന്നെ പ്രേമത്തിൽ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് താരത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിൽ താരത്തിന്റെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വരത്തൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ കഥാപാത്രങ്ങൾ അതുവരെ ചെയ്തിരുന്ന ഹാസ്യതാരം എന്ന ലേബലിൽ നിന്നും മാറ്റിചിന്തിപ്പിച്ചവയായിരുന്നു. നായകനായും വില്ലനായും തനിക്ക് പ്രേക്ഷക ശ്രദ്ധ നേടാനാകും എന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമയില്‍ തന്നെ നിലനില്‍ക്കാന്‍ കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി തുറന്ന് പറയുകയാണ് ഷറഫുദ്ദീൻ.
‘അല്‍ഫോന്‍സ് പുത്രന്‍റെ ‘പ്രേമം’ എന്ന സിനിമ ചെയ്തു കഴിഞ്ഞും എനിക്ക് സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം ഇല്ലായിരുന്നു. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ആലുവയിലുള്ള സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞത് നിന്റെ അഭിനയത്തിന് എവിടെയോ ഒരു കുഴപ്പം ഉണ്ടെന്നാണ്. അവര്‍ അത് സത്യസന്ധമായി പറഞ്ഞതാണ്.
എന്റെ വളര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. അഭിനയത്തില്‍ ഞാന്‍ മാറ്റി പിടിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ടെന്നു എനിക്ക് അതോടെ ബോധ്യമായി. ഷറഫുദീന്‍ പറഞ്ഞു. ‘ഹാപ്പി വെഡിങ്’ കഴിഞ്ഞതോടെയാണ് എന്നെ നടനെന്ന നിലയില്‍ പലരും അംഗീകരിച്ചത്. സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞത് ഇപ്പോള്‍ നീ പെര്‍ഫെക്റ്റ് ആയി എന്നാണ്. നിന്റെ അഭിനയം മനോഹരമായിരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞ നിമിഷമാണ് തുടര്‍ന്നും സിനിമയില്‍ നില്‍ക്കാന്‍ കഴിയുമെന്ന തോന്നലുണ്ടായത്. പിന്നീട് സിനിമയിലെ സഹപ്രവര്‍ത്തകരും വിളിച്ചു എന്റെ അഭിനയത്തെ പ്രശംസിച്ചുവെന്നും ഷറഫുദ്ദീൻ പറയുന്നു.