മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിൽ എത്തിയ അഭിനേത്രിയാണ് ശാലിൻ സോയ. ഇപ്പോഴിതാ സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതങ്ങളെ കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് ഈ യുവനടി. ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ഷൂട്ടിംഗ് സെറ്റില്‍ നടക്കുന്ന വിവേചനപരമായ പെരുമാറ്റത്തെ കുറിച്ചാണ് ശാലിന്‍ സംസാരിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം താരം ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം കൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലിന്‍.
ധമാക്ക സെറ്റില്‍ നിന്നുമുള്ള ശാലിന്റെ ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലാവുകയും നിരവധി ട്രോളുകള്‍ വരികയും ചെയ്തിരുന്നു. തന്റെ പ്ലേറ്റില്‍ നിന്നും സുഹൃത്ത് മട്ടന്‍ പീസ് എടുത്തതും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു റിയാക്ട് ചെയ്തതുമാണു വീഡിയോയില്‍ കാണാനാവുക. സിനിമാ സെറ്റില്‍ വലിയ പക്ഷപാതമാണ്, പ്രത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്കു ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളുണ്ട്. ഈ സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്കു എത്തുക എന്ന് പറയില്ലേ, അതു തന്നെയാണു സംഭവമെന്നു ശാലിന്‍ പറയുന്നു. സിനിമയില്‍ റാഗിങ്ങൊക്കെ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണു മട്ടന്‍പീസ് ട്രോള്‍ വീഡിയോ അനുഭവത്തെ കുറിച്ചും സെറ്റിലെ പക്ഷപാതത്തെ കുറിച്ചും ശാലിന്‍ വാചാലയായത്.
സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ കുടിക്കുന്നത്. അതുകൊണ്ടു നമുക്ക് ആ പ്രശ്നമില്ല. പക്ഷെ മനപ്പൂര്‍വ്വം ആ സ്റ്റീല്‍ ഗ്ലാസ് അങ്ങ് തരുമ്പോള്‍ നമുക്ക് കൊള്ളും. ചിക്കനോ ബാക്കി സ്പെഷ്യല്‍ ഐറ്റംസോ ഒക്കെ സംവിധായകനു മാത്രമായിരിക്കും കൊടുക്കുക. വികാരമില്ലാത്തവര്‍ക്കു വരെ വികാരുമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണു സെറ്റുകളില്‍ നടക്കുക. ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗിയൊക്കെ ഉണ്ടല്ലോ, നമുക്ക് വാങ്ങാവുന്നതേയുള്ളു. പക്ഷെ മനപ്പൂര്‍വ്വം പക്ഷപാതപരമായി പെരുമാറുന്നത് കാണുമ്പോള്‍ നമുക്കു കൊള്ളും. ചോദിച്ചാല്‍ പോലും തരില്ല, ശാലിന്‍ പറയുന്നു. ബാലതാരമായെത്തി സീരിയലുകളും സിനിമകളിലും അഭിനയിച്ച ശാലിന്‍ നര്‍ത്തകിയെന്ന നിലയില്‍ കൂടി മലയാളികള്‍ക്കു സുപരിചിതയാണ്. വിവിധ ചാനലുകളില്‍ അവതാരകയായും എത്തിയിട്ടുണ്ട്.