മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലിലും താരം ശ്രേദ്ധേയമായ വേഷം ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഭിനയത്തത്തിനു പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സ്‌നേഹ സീമ എന്ന പേരിൽ യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇപ്പോളിതാ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണ് താരം.
ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞാൻ സ്‌കൂൾ പഠിച്ച കാലം മുതലേ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. അച്ഛന്റെ കടയിൽ നിന്നും പൈസ മോഷ്ടിച്ചു കൊണ്ടുപോയാണ് മറ്റുള്ളവർക്ക് ഓരോന്ന് ചെയ്ത് കൊടുത്തിരുന്നത്. എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്ന സമയത്ത് ഒരു പവൻ സ്വർണം പോലും ചേച്ചിയുടെ കഴുത്തിൽ ഉണ്ടായിരുന്നില്ല. കാരണം അമ്മയ്ക്ക് കിട്ടുന്നത് മുഴുവൻ അമ്മ മറ്റുള്ളവരെ സഹായിച്ചും മറ്റുള്ളവർക്ക് ഭക്ഷണം വാങ്ങി കൊടുത്തും മറ്റുള്ള കുട്ടികളുടെ കല്യാണം നടത്തികൊടുത്തുമാണ് ചെലവാക്കിയിരുന്നത്. അങ്ങനെ ആയിരുന്നു അമ്മ. അമ്മ അന്ന് ചെയ്തതൊക്കെയാണ് എന്റെ മനസ്സിൽ കിടക്കുന്നത്. അമ്മയാണ് എന്റെ റോൾ മോഡൽ. ശരണ്യയുടെ കാര്യത്തിൽ ഏഴെട്ട് വർഷം കൂടെ നടന്നപ്പോഴൊന്നും ആരും അറിഞ്ഞിട്ടില്ല. അവസാനത്തെ രണ്ടു സർജറിക്ക് മുന്നേ പൈസ ഇല്ലാതെ വന്നു. അപ്പോഴാണ് ഞാൻ സോഷ്യൽ മീഡിയയിൽ സഹായമഭ്യർത്ഥിച്ച് വന്നത്. അങ്ങനെ അന്ന് ഓരോരുത്തർ ചികഞ്ഞ് ചികഞ്ഞ് വന്നപ്പോഴാണ് ഞാൻ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് അവർ മനസിലാക്കുന്നത്.
ഇപ്പോഴും ഞാൻ നല്ല സാമ്പത്തിക ബാധ്യതകളിലാണ് നിൽക്കുന്നത്. പക്ഷെ നമുക്ക് നമ്മുടെ ഇല്ലായ്മയെയും വയ്യായ്മയെയും കുറിച്ച് പാടി നടക്കേണ്ട കാര്യമില്ല. മറ്റുള്ളവരുടെ മുന്നിൽ എനിക്ക് വേണ്ടി കൈനീട്ടേണ്ട അവസ്ഥ വരാതെ മുന്നോട്ട് പോകണം എന്ന് മാത്രമേ എനിക്ക് ഉള്ളൂ. ദൈവത്തോട് പ്രാർത്ഥിക്കുന്നത് അത് മാത്രമാണ്. മറ്റുള്ളവർക്ക് വേണ്ടി എത്ര കൈനീട്ടാനും ഞാൻ തയ്യാറാണ്. അതിലൊരു നാണവുമില്ല. ആ ലക്ഷ്യം നിറവേറുന്നത് വരെ ഞാൻ ചോദിച്ചുകൊണ്ട് ഇരിക്കും. പക്ഷെ നമ്മുടെ കാര്യത്തിൽ അത് വരാതെ മരണം വരെ ജോലി ചെയ്ത് മുന്നോട്ട് പോകാൻ കഴിയണം എന്നാണ്. അതിനുള്ള ആരോഗ്യവും കാര്യങ്ങളും തന്നാൽ മതിയെന്നാണ് എന്റെ പ്രാർത്ഥന.