മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലിലും താരം ശ്രേദ്ധേയമായ വേഷം ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഭിനയത്തത്തിനു പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്.
ഇപ്പോഴിതാ, ഓണ്‍ലൈന്‍ റമ്മി എന്ന ഗെയിം കളിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി നടി രംഗത്ത് വന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ശുഭദിനം. ഈ അടുത്ത കാലത്തായി സമൂഹത്തിൽ കുട്ടികളും ചെറുപ്പക്കാരും ഒരു പോലെ നേരിടുന്ന ഒരു വിപത്തിന്റെ ഭീകരത തിരിച്ചറിഞ്ഞാണ് ഈ കുറിപ്പ്. കഴിഞ്ഞ ദിവസം ഞാൻ വർക്ക് ചെയ്ത സെറ്റിൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലിൽ കളിക്കുന്ന ചെറുപ്പക്കാരെ കണ്ടു. ആദ്യമെന്താണെന്നു മനസ്സിലായില്ല. പിന്നീട് അടുത്തുചെന്നു നോക്കിയപ്പോൾ ആണ് ഓൺലൈൻ റമ്മിയാണെന്നു മനസിലായത്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒത്തിരിയേറെ മരണങ്ങൾ നമ്മൾ കേട്ടു. അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. അതിൽ പലതും ആത്മഹത്യകൾ ആയിരുന്നു. പലരും വിദ്യാഭാസം ഉള്ളവരും, ലോക പരിചയം ഉള്ളവരും ആയിരുന്നു. റമ്മി കളിയിൽ നിന്നും പിന്തിരിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെ ശ്രമിച്ചിട്ടുമുണ്ടായിരുന്നു. പക്ഷെ ഇതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും വിട്ടുപോരാൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല. ഫലമോ മരണം. പോയവർ പോയി. അവർക്കിനി ഒന്നും അറിയണ്ട. പക്ഷെ ജീവിച്ചിരിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ, ആ ശൂന്യതയുടെ വേദന ആരു മാറ്റും. ഈ കളിയിലൂടെ അവരുണ്ടാക്കി വെച്ച ലക്ഷങ്ങളുടെ ബാധ്യതകൾ. അതാരു വീട്ടും. ഞാൻ സെറ്റിൽ വെച്ച് പറഞ്ഞു നിങ്ങൾ ഇത് കളിക്കരുത്. ഈ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യണം എന്ന്. അത് സംസാരിക്കുമ്പോൾ തന്നെ ബഹുമാനപ്പെട്ട കെ ബി ഗണേഷ്‌കുമാർ എം എൽ എ നിയമസഭയിൽ ഇക്കാര്യം അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അത് ന്യൂസിൽ കാണുകയും ചെയ്തു.
ജീവിക്കാൻ വേണ്ടിയാണെങ്കിലും, പൈസക്ക് വേണ്ടിയാണെങ്കിലും കലാകാരന്മാർക്ക് ഇത്തിരിയെങ്കിലും പ്രതിബദ്ധത വേണം. സമൂഹത്തോട്. അവനവനോട്. ലോകമെമ്പാടും അറിയപ്പെടുന്നവരാണ് ഇവരെല്ലാവരും. മഹാ വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇനിയും പല മരണങ്ങളും നമ്മൾ കേൾക്കേണ്ടി വരും, അറിയേണ്ടിവരും. നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇതിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കണം. നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കണം. ഇത് ലോകമെമ്പാടും പ്രചരിപ്പിക്കുന്നവർക്ക് ഒന്നും നഷ്ടപെടാനില്ല. ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയാണ് അവർ ചെയ്യുന്നത്. കിട്ടുന്ന കോടികൾ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് പല പ്രമുഖരും. ഇതിനിരയാകുന്നവർ, ഇരയാകാൻ പോകുന്നവർ ഒന്നോർക്കണം. നമുക്ക് നമ്മൾ മാത്രമേയുള്ളു. നമ്മുടെ കുടുംബത്തിനും നമ്മൾ മാത്രമേയുള്ളു.