സാമ്പത്തിക ഞെരുക്കത്തെക്കാളുപരി വേദന തോന്നുന്നത് ചിലരു കുത്തി നോവിക്കലുകളിലാണ്.! സീമ ജി നായർ പറയുന്നു!

നടി ശരണ്യയുടെ മരണം മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തിയ ഒന്നാണ്. ശരണ്യയുടെ അമ്മയെയും അവർക്ക് ഒപ്പം നിന്ന സീമ ജി നായരെയുമാണ് ആ മരണം ഏറെ തളർത്തി കളഞ്ഞത്. ഇപ്പോഴും ആ സങ്കടക്കടലിൽ നിന്നും സീമ ജി നായർക്ക് മുക്തയാകാൻ സാധിച്ചിട്ടില്ല. അർബുദത്തോട് പടവെട്ടി വർഷങ്ങളോളം കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന വിധത്തില്‍ സീമ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ശരണ്യയെയും മറ്റുള്ളവരെയും ഒക്കെ സഹായിക്കുന്നതിന്റെ പേരില്‍ പല കുത്തി നോവിക്കലുകള്‍ക്കും താന്‍ വിധേയയാവേണ്ടി വരുന്നു എന്ന് പറയുകയാണ് സീമ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളും അവയ്ക്കുള്ള മറുപടിയും സീമ നല്‍കിയത്.

സീമ ജി നായരുടെ വാക്കുകള്‍, ഞാന്‍ ആത്മയുടെ സജീവ പ്രവര്‍ത്തക ആയിരുന്ന സമയത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിയുന്നത്. കേട്ടപ്പോള്‍ വളരെ സങ്കടമായി. ഒരു ടെഡി ബിയര്‍ ഒക്കെ വാങ്ങി ആദ്യമായി അവളെ കാണാന്‍ പോയപ്പോള്‍ ശരണ്യയുടെ അവസ്ഥയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ സര്‍ജറി കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീട് തുടര്‍ച്ചയായി ശരണ്യയുടെ കാര്യങ്ങള്‍ തിരക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും തുടങ്ങി. ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ പുറത്തു പറഞ്ഞിരുന്നില്ല. അറിയിക്കണം എന്ന് തോന്നിയിട്ടുമില്ല. ഏഴാമത്തെ സര്‍ജറിക്കു ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

വലിയ വരുമാനം ഉള്ള ആളല്ല ഞാനെന്നാണ് സീമ പറയുന്നത്. ജീവിച്ച് പോകാവുന്ന അത്രയും പ്രതിഫലമൊക്കെയേ ഉള്ളു. അതിനുള്ളില്‍ നിന്നാണ് ഇത്രയൊക്കെ ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തെക്കാളുപരി വേദന തോന്നുന്നത് ചിലരു കുത്തി നോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിന് വേണ്ടി എന്ന് തോന്നുന്നത്. നമ്മള്‍ നമ്മുടെ കഷ്ടപ്പാടിലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയും പലതും ചെയ്യുന്നത് ആരോപണങ്ങള്‍ കേള്‍ക്കാനാണോ എന്ന് ചിന്തിക്കും. അത് വലിയ സങ്കടമാണ്. എന്നാല്‍ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്‌ബോള്‍ അതൊക്കെ അങ്ങ് മറക്കും. അവരെ എങ്ങനെ സഹായിക്കാം എന്നാണ് അന്നേരം ചിന്തിക്കുക.

അതേ സമയം ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങള്‍ എനിക്ക് നേരെ വന്നിരുന്നു. അന്നേരം നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്ബരല്ല ഒരിടത്തും കൊടുത്തത്. ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയില്‍സ് കൊടുക്കാറില്ല. ആവശ്യക്കാര്‍ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നല്‍കുക. എത്ര രൂപ വന്നു, എത്രയായി എന്നൊന്നും ഞാന്‍ തിരക്കിയിട്ടില്ല. ശരണ്യയുടെ കാര്യവും അങ്ങനെയായിരുന്നു. അവളുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കൈയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതി വെച്ചത് എന്നതാണ് മറ്റൊരു കഥ. അത് അറിഞ്ഞപ്പോള്‍ ആധാരം കാണിച്ച് ഒരു വീഡിയോ ഇടാം എന്നാണ് ശരണ്യ പറഞ്ഞത്. നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയത്.

Related posts