ബാലു വർഗീസ്, ലുക്മാൻ, ബിനു പപ്പു തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തുവന്ന ചിത്രമാണ് ഓപ്പറേഷൻ ജാവാ. സൈബർ ക്രൈമുകളെ കുറിച്ചുള്ള ഒരു ത്രില്ലർ സിനിമയാണ് ചിത്രം. എന്നാൽ ത്രില്ലർ എന്നതോടൊപ്പം ചില സാമൂഹിക പ്രശ്നങ്ങളിലും ചിത്രം ഇടപെടുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചു എത്തിയത്. സുരേഷ് ഗോപിയുൾപ്പടെ പല സെലിബ്രിറ്റികളും ചിത്രത്തെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ മലയാള സിനിമ സംവിധായകൻ സത്യൻ അന്തിക്കാടാണ് ചിത്രത്തെ കുറിച്ചു പറയുന്നത്.
പണ്ട് താനും ശ്രീനിയും, ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്നങ്ങള്‍ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ലെന്നും, സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചിലാണ് ഈ ഓപ്പറേഷന്‍ ജാവയുടെ ഹൈലൈറ്റ് എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
നല്ല മനോഹരമായി തന്നെ ചിത്രത്തില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ കൈമോശം വരാതെയിരിയ്ക്കട്ടെ എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. സത്യന്‍ അന്തിക്കാട് ടെലഫോണില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
എന്റെ അച്ഛനു ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് സാര്‍, അതുകൊണ്ടു തന്നെ പണ്ട് തീയേറ്ററില്‍ ഫാമിലിയായി കാണാന്‍ പോകുന്ന മിക്ക ചിത്രങ്ങളും സത്യന്‍ സാറിന്റെയാകും. ഇന്ന് യാദൃശ്‌ചികമായി സാറിന്റെ ഒരു ഫോണ്‍ കോള്‍ വന്നു, ജാവ തീയേറ്ററില്‍ കാണാന്‍ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കില്‍ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു. ജീവനുള്ള സിനിമ പണ്ട് ഞാനും ശ്രീനിയും ദാസനും വിജയനിലും പറഞ്ഞു വെച്ച പ്രശ്നങ്ങള്‍ ഒന്നും ഇന്നും അവസാനിയ്ക്കുന്നില്ല അല്ലേ?
സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചില്‍ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്, നല്ല മനോഹരമായി തന്നെ നീ ആ കഥയില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ. പണ്ട് അദ്ദേഹത്തോട് പത്മരാജന്‍ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയില്‍ എല്ലാരും നായകന്മാര്‍ ആണ്, അഭിനേതാക്കള്‍ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്. അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാന്‍ ഉള്ളത്. തുടരുക. അതെ തുടരണം. ഇപ്പോ ചിന്തിയ്ക്കുന്ന ഓരോ ചിന്തയ്ക്കും എന്തൊരു ഭാരമാണ് എന്നുമാണ് തരുൺ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.