സംസ്ഥാനത്തെ ആദ്യ സാഹസിക വിനോദ പരിശീലന അക്കാദമിക്കായി നിശ്ചയിച്ച വിളപ്പിൽശാല വില്ലേജിലെ ശാസ്താംപാറയിൽ റോപ് വേ നിർമിക്കണമെന്ന് നിയമസഭയുടെ യുവജനക്ഷേമം–യുവജനകാര്യ സമിതി ശുപാർശ ചെയ്തു. ഭൂപ്രകൃതിക്ക് അനുയോജ്യമായ സാഹസിക വിനോദങ്ങളായ പെയിന്റ് ബോൾ, ഷൂട്ടിങ്, ആർച്ചറി റേഞ്ച്, കൈറ്റ് ഫ്ലൈയിഗ്, ഹ്യൂമൻ ഗൈറോ തുടങ്ങിയ വിനോദങ്ങൾ സംഘടിപ്പിക്കണമെന്നും ശുപാർശ. കൂടാതെ കേബിൾ കാർ സ്ഥാപിക്കണമെന്നും, വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്നും ശുപാർശ.
പരിശീലന അക്കാദമിയിൽ ഹ്രസ്വ–ദീർഘകാല കോഴ്സുകളും സിലബസും തയാറാക്കണം. കോഴ്സുകളുടെ സിലബസിൽ വിവിധയിനം സാഹസിക സ്പോർട്സുകൾ പരിചയപ്പെടുത്തുന്നതിനായി തിയറി പേപ്പറുകളും, പ്രാക്ടിക്കൽ സെഷനുകളും ഉൾപ്പെടുത്തണം∙ ശാസ്താംപാറയിൽ മഴക്കാലത്ത് പാറക്കെട്ടുകളിൽ പായൽ ഉണ്ടാകുന്നത് റോക്ക് ക്ലൈംബിങിനും മറ്റും അപകടകരമാണ്. സുരക്ഷയെ മുൻനിർത്തി ഇവിടെ കൈവരികൾ നിർമിക്കണം സഞ്ചാരികൾക്ക് ഭക്ഷണവും ശുദ്ധജലവും എത്തിക്കുന്നതിന് ഭക്ഷണശാലകളും ശുചിമുറികളും നിർമിക്കണം∙ ശാസ്താംപാറയും അഭിമുഖമായുള്ള കടമ്പുപാറയും ബന്ധിപ്പിച്ച് സംയുക്ത വിനോദ സഞ്ചാര പദ്ധതി തയാറാക്കണം. എന്നിവയെല്ലമാണ് ചില പ്രധാന ശിപാർശകൾ.