ഞങ്ങൾ ചേട്ടനും അനിയത്തിയുമായി ജനിക്കേണ്ടതായിരുന്നു.! മനസ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലി!

ഗോപിക അനിൽ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ്. അഞ്ജലി എന്ന കഥാപാത്രമായി സാന്ത്വനം എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയാണ് നടി. ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത് ബാലേട്ടനിൽ ബാലതാരമായി എത്തിയപ്പോൾ ആണ്. ഗോപികയുടെ സഹോദരി കീർത്തനയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സാന്ത്വനം സെറ്റിലെ വിശേഷങ്ങളും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇപ്പോൾ ഗോപിക.

സാന്ത്വനം സീരിയലിന്റെ സെറ്റ് വലിയൊരു കുടുംബം പോലെയാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ എല്ലാവരും കൂടിയിരുന്ന് വർത്തമാനവും കളിതമാശയുമൊക്കെയാണ്. ഈ വർഷം ഇതുവരെ ഞാൻ ഏറ്റവും കൂടുതൽ ദിവസം ചിലവഴിച്ചിരിക്കുന്നത് സാന്ത്വനം കുടുംബത്തോടൊപ്പമാണ്. മാസത്തിൽ പകുതി ദിവസവും സാന്ത്വനത്തിന്റെ ഷൂട്ടിനു വേണ്ടി തിരുവനന്തപുരത്ത് തന്നെയാണ്. എല്ലാവരും തമ്മിൽ നല്ലൊരു ബന്ധമുള്ളതുകൊണ്ടാണ് സീരിയലിലെ അഭിനയവും നന്നാകുന്നത്. ഗോപിക എന്നല്ല, എല്ലാവരും അഞ്ജു, അഞ്ജലി എന്നൊക്കെയാണ് പുറത്തു കാണുമ്പോൾ വിളിക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കളുടെ മാതാപിതാക്കൾ പോലും ഗോപിക എന്ന പേര് മറന്നുപോയെന്ന് തോന്നുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രമാണ് ഗോപിക എന്ന പേരുള്ളത്. ബാക്കിയെല്ലായിടങ്ങളിലും അഞ്ജു, അഞ്ജലി എന്നാണ് വിളിക്കുന്നത്. എന്നോടുള്ള സ്നേഹത്തേക്കാൾ പലപ്പോഴും അവർ അഞ്ജുവിനോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നത്. അതിൽ വലിയ സന്തോഷം തോന്നിയിട്ടുണ്ട്.

ഞാൻ കുറച്ച് റിസർവ്വ് ടൈപ്പ് കാരക്ടറാണ്. പക്ഷെ, അടുത്തുകഴിഞ്ഞാൽ പിന്നെ വലിയ സംസാരമാണ്. അവസാനം ഒന്നു നിർത്തിയിട്ട് പോകുമോ എന്ന് കൂട്ടുകാരൊക്കെ ചോദിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഞാനും സജിൻ ചേട്ടനും നല്ല സുഹൃത്തുക്കളാണ്. ഇടവേളയിൽ തമാശ പറഞ്ഞും കളിയാക്കിയുമൊക്കെയാണ് സമയം കളയുന്നത്. ഒരു അനിയൻ-അനിയത്തി ബന്ധം പോലെ എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്നത് കണ്ട് പലപ്പോഴും സെറ്റിലുള്ളവർ നിങ്ങൾ ചേട്ടനും അനിയത്തിയുമായി ജനിക്കേണ്ടതായിരുന്നു എന്ന് പറയാറുണ്ട്. മിക്കപ്പോഴും ഷഫ്ന ചേച്ചിയും കൂടെ കാണും. ചേച്ചിയും എന്റെ നല്ല സുഹൃത്താണ്. എനിക്ക് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും തുറന്നുപറയാൻ സാധിക്കുന്ന അടുത്ത സുഹൃത്താണ് ചേച്ചി. പഠിത്തം കഴിഞ്ഞപ്പോഴാണ് എനിക്കും സഹോദരിക്കും കബനിയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അച്ഛന്റെ നിർബന്ധം കാരണമാണ് ഷൂട്ടിന് പോയത്. ആദ്യം എനിക്ക് അഭിനയിക്കാൻ താത്പര്യമേ ഇല്ലായിരുന്നു. പഠനം മുന്നോട്ടു കൊണ്ടുപോകണം എന്നായിരുന്നു ചിന്ത മുഴുവൻ. പക്ഷെ, അഭിനയിച്ചു തുടങ്ങിയപ്പോൾ അതിഷ്ടപ്പെട്ടു തുടങ്ങി. ഇപ്പോൾ അഭിനയത്തോട് വലിയ താത്പര്യമാണ്. അത് വളരെ സന്തോഷത്തോടെ ചെയ്യുന്നു. ഗോപിക അനിൽ പറയുന്നു.

Related posts