സാന്ദ്ര തോമസ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയും നിർമ്മാതാവുമാണ്. താരത്തിന് ഇരട്ടക്കുട്ടികളാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സാന്ദ്ര പങ്കുവെക്കുന്ന തന്റെ മക്കളുടെ ചിത്രങ്ങളും വീഡിയോകളും പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. സാന്ദ്ര ഈ മാതൃദിനത്തിൽ താൻ ഗർഭിണിയായ സമയത്ത് തനിക്കുണ്ടായ ഡിപ്രഷനെക്കുറിച്ചും അതിനെ മറികടന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കുകയാണ്.
ഗർഭകാലത്തും പ്രസവം കഴിഞ്ഞശേഷവും ഞാൻ വിഷാദത്തിലൂടെ കടന്നുപോയി. എനിക്ക് മെഡിക്കൽ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എനിക്ക് ചുറ്റുമുള്ളവർക്ക് അത് മനസിലായില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേഷ്യം വരുക, സങ്കടപ്പെടുക ഇതൊക്കെ ഉണ്ടായിരുന്നു. വീട്ടുകാർ നോക്കുമ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എല്ലാം സാധിച്ചു തരുന്നു, പിന്നെ ഇവൾക്ക് എന്താ പ്രശ്നം എന്നായിരുന്നു അവർ കരുതിയത്.
ഇരട്ടക്കുട്ടികൾ ആയിരുന്നതുകൊണ്ട് ആ സമയത്ത് ശരീരഭാരം വല്ലാതെ കൂടിയിരുന്നു. എന്നാൽ ആ ഘട്ടം ഞാൻ ഒറ്റക്കാണ് തരണം ചെയ്തത്. കേട്ടാൽ നിസ്സാരമെന്നു തോന്നാം ആ സമയത്ത് കൊറിയൻ ഡ്രാമകൾ കാണുമായിരുന്നു. വല്ലാത്തൊരു റിലീഫ് എനിക്ക് അതിൽ നിന്നു ലഭിച്ചിരുന്നു. വായനയും എന്നെ സഹായിച്ചിരുന്നു. അങ്ങനെ എന്റെ മനസ്സിനെ തിരിച്ചുവിടാനായി ഞാൻ ശ്രമിച്ചു. സാന്ദ്രയ്ക്ക് ഇത് നേരിടാൻ പറ്റും എന്ന് പറഞ്ഞ് ധൈര്യം തന്ന എന്റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാൻ സാധിക്കില്ല. എല്ലാവർക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ പറ്റിയെന്നു വരില്ല എന്നും സാന്ദ്ര പറയുന്നു.