ചെറിയൊരുകാലം മാത്രം അഭിനയരംഗത്ത് ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരമിപ്പോൾ. അഭിനയ രംഗത്ത് സജീവമല്ല എങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കിടയിലേക്ക് എത്തുന്നുണ്ട്. യോഗയും കുടുംബകാര്യങ്ങളുമായി ഒക്കെയായി തിരക്കിലാണ് താരം ഇപ്പോൾ. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു കുടുംബജീവിതം താൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്നും മകന്റെ കാര്യങ്ങൾ നോക്കി, വീട്ടുകാര്യങ്ങൾ നോക്കി പോകാനാണ് തനിക്ക് അന്നും ഇന്നും താത്പര്യമെന്നുമാണ് സംയുക്ത പറയുന്നത്. തന്റെ ഇഷ്ടങ്ങൾ മുറുകെ പിടിച്ചു തന്നെയാണ് ജീവിക്കുന്നതെന്നും താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ചില ആഭരണങ്ങളോടുള്ള തന്റെ ഇഷ്ടവും അതിന്റെ പേരിൽ ബിജു മേനോൻ കളിയാക്കുന്നതിനെ കുറിച്ചുമൊക്കെ സംയുക്ത സംസാരിക്കുന്നുണ്ട്. എന്തൊക്കെ കളിയാക്കലുകൾ കേട്ടാലും അത്തരത്തിലുള്ള തന്റെ ഇഷ്ടങ്ങളൊന്നും ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും താരം പറയുന്നു. ആഭരണങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. കുറേ മേടിക്കുകയും ചെയ്യും ഞാൻ ഇടുകയും ചെയ്യും. പിന്നെ വയസായി ക്കൊണ്ടിരിക്കുകയാണല്ലോ. ഇതെല്ലാം വേഗം വേഗം ഇട്ടിട്ട് നമ്മൾ എൻജോയ് ചെയ്യുക. ഇനി നമുക്കൊരു 40 കൊല്ലം ഇല്ലല്ലോ. ഉണ്ടാവില്ലെന്നാണ് വിചാരിക്കുന്നത്.
നമുക്ക് ധരിക്കണം എന്ന് തോന്നുന്നത് ധരിക്കുക. പക്ഷേ ബിജു ചേട്ടനൊക്കെ ഭയങ്കര കളിയാക്കൽ ആണ്. പിന്നെ എന്റെ ജ്വല്ലറി ഡിസൈനൊക്കെ കുറച്ചു ഓവർ ആണെന്ന് എനിക്ക് തന്നെ അറിയാം. ഇനി ഇപ്പോൾ അങ്ങനെ ആണെങ്കിൽ തന്നെ എനിക്ക് ഒന്നും ഇല്ല. ഞാൻ എന്തായാലും ഇടും. പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ ബിജു ചേട്ടൻ നന്നായി കളിയാക്കും. ഒരു വെഞ്ചാമരം കൂടി ആവാമായിരുന്നു ഒരു മുത്തുക്കുട കൂടി പിടിക്കാമായിരുന്നു എന്നൊക്കെ പറയും. എന്റെ ഫാഷൻ സങ്കൽപ്പങ്ങളൊന്നും മകൻ ശ്രദ്ധിക്കാറില്ല. എന്റെ സിനിമകൾ പോലും അവൻ കണ്ടിട്ടില്ല.