മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത. പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത് എങ്കിലും തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ചിത്രത്തിലെ ടോവിനോയോടൊപ്പമുള്ള സംയുക്തയുടെ കെമിസ്ട്രി ഏറെ വിജയകരമായിരുന്നു. പിന്നീട് എടക്കാട് ബറ്റാലിയൻ കൽക്കി എന്നീ ചിത്രങ്ങളിലൂടെ ഈ വിജയ ജോഡി ചരിത്രം ആവർത്തിച്ചു. പിന്നീട് ദുൽഖർ സൽമാൻ പൃഥ്വിരാജ് ആസിഫ് അലി തുടങ്ങിയ യുവ താരങ്ങൾക്കൊപ്പവും താരം പ്രവർത്തിച്ചിരുന്നു. തമിഴ് തെലുഗു ഭാഷകളിലും സൂപ്പർ ഡൂപ്പർ ഹിറ്റുകൾ സമ്മാനിച്ച് ഭാഗ്യ നായികയായി തിളങ്ങുകയാണ് സംയുത ഇന്ന്. തന്റെ പുതിയ മലയാള ചിത്രമായ ബൂമറാംഗുമായി ബന്ധപ്പെട്ട് സംയുക്ത നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ലെന്ന് നിർമാതാവ് വെളിപ്പെടുത്തിയതാണ് ചർച്ചയായത്. ഇതിനുപിന്നാലെ നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോയും രംഗത്തെത്തി.
ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതൽ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നായിരുന്നു ഷൈൻ അന്ന് പറഞ്ഞത്.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ‘എന്റെ പേരിനൊപ്പം ജാതിവാൽ വേണ്ടെന്നുള്ളത് ഞാൻ വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി. ഇപ്പോഴും പല സ്ഥലങ്ങളിൽ പോകുമ്ബോഴും ജാതിവാൽ ചേർത്താണ് വിളിക്കുന്നത്. ഒരു ചിത്രത്തിന്റെ ആവശ്യത്തിനായി ചെന്നൈയിൽ പോയപ്പോൾ അവിടെനിന്നും അങ്ങനെ വിളിച്ചപ്പോൾ അരോചകമായിത്തോന്നി. അതുകൊണ്ടാണ് അഭിമുഖത്തിൽ അങ്ങനെ പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കേരളം മുന്നോട്ട് ചിന്തിക്കുന്ന ഇടമാണ്. ജാതിവാൽ മാറ്റിയത് ചോദ്യം ചെയ്യപ്പെടുക എന്ന് പറയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മറ്റൊരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ ഇത് എടുത്തിടുന്നത് കേട്ടപ്പോൾ വളരെയേറെ സങ്കടം തോന്നി.