മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. രസികൻ എന്ന ലാൽ ജോസ് ദിലീപ് ചിത്രത്തിൽ തങ്കി എന്ന കഥാപാത്രമായാണ് താരത്തിന്റെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം എത്തിയിരുന്നു. സിനിമയില്‍ തിരക്കുള്ള താരമായി തിളങ്ങി നില്‍ക്കവെയാണ് സംവൃത വിവാഹിതയാവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു. ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം.
ഇപ്പോള്‍ മലയാള സിനിമിയില്‍ സീനിയര്‍ നടന്മാരില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ്സ്തുറന്നിരിക്കുകയാണ് സംവൃത. സിനിമയില്‍ നിന്ന് വളരെ കുറച്ചു മാത്രം സൗഹൃദം സൂക്ഷിക്കുന്ന സംവൃത സുനില്‍ താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ചാണ് തുറന്ന് പറഞ്ഞത്. മലയാള സിനിമ മേഖലയില്‍ എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് രാജു ചേട്ടന്‍. നീ നല്ലൊരു കുട്ടിയാണ് എന്ന് എന്നോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള രാജു ചേട്ടനുമായി കൂടുതല്‍ പരിചയപ്പെടുന്നത് ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന സിനിമയ്ക്കിടെയാണ്. എന്റെ ഒരു വെല്‍വിഷര്‍ ആണ് അദ്ദേഹം. രാജു ചേട്ടനുമായി ഒരുപാട് സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജു ചേട്ടന്‍
അഭിനയിച്ച ഒരുപാട് സിനിമകള്‍ കുട്ടിക്കാലത്ത് തന്നെ എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാജു ചേട്ടന്‍ നായകനായ അക്കരെ നിന്നൊരു മാരന്‍, ധിം ധരികിട തോം തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മിന്നാരത്തിലെയൊക്കെ കോമഡി സീന്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലാലേട്ടന്‍ രാജു ചേട്ടന്‍ കോമ്ബിനേഷനിലെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണെന്നും സംവൃത പറയുന്നു. ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തന്റെ തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഒരു ചാനലിൽ വിധികർത്താവായി എത്തുകയും ചെയ്തിരുന്നു താരം.