സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച നടിയാണ് സമീറ റെഡ്ഡി. ഒരു മടിയും കൂടാതെ തന്റെതായ നിലപാടുകൾ തുറന്നുപറയാറുള്ള താരമാണ് സമീറ. നടി പലപ്പോഴും കളിയാക്കലുകൾക്കും ബോഡി ഷെയ്മിങിനും എതിരെ രംഗത്തെത്തിയിട്ടുണ്ട്. താൻ അമ്മയായതിനുശേഷം ഉള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടാണ് മാതൃദിനത്തിൽ താരം എത്തിയിരിക്കുന്നത്. സമീറ ഇൻസ്റ്റഗ്രാമിലൂടെ ആണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ആദ്യ ഗർഭം ധരിച്ച് 9 മാസം കഴിഞ്ഞപ്പോൾ എന്റെ ഭാരം 105 കിലോയ്ക്ക് ഉയർന്നു. എന്റെ മകനെ കയ്യിൽ കിട്ടിയ നിമിഷം യഥാർത്ഥത്തിൽ ഞാൻ സന്തോഷിക്കേണ്ട ദിവസമായിരുന്നു. എന്നാൽ അതിന് എനിക്ക് കഴിഞ്ഞില്ല. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നെ പിടികൂടി കഴിഞ്ഞിരുന്നു. എന്റെ ഭർത്താവ് അക്ഷയ് ആ സമയത്ത് എല്ലാ പിന്തുണയുമായി കൂടെ നിന്നു. അപ്പോൾ അദ്ദേഹത്തിന്റെ അമ്മ ചോദിച്ചു, കുഞ്ഞു വളരെ ആരോഗ്യവാനാണ് അക്ഷയ് എല്ലാത്തിനും കൂടെ നിൽക്കുന്നു പിന്നെന്തിനാണ് നീ ഇങ്ങനെ വിഷമിക്കുന്നത് എന്ന്. പക്ഷേ എനിക്ക് അതിനുത്തരം ഇല്ലായിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷം ഞാൻ നിലവിളിച്ചു കരഞ്ഞു. എന്റെ മകനുവേണ്ടി സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം ആയിരുന്നു മനസ്സ് മുഴുവൻ എന്ന് സമീറ കുറിച്ചു.
പഴയ ഭംഗിയൊക്കെ പോയെന്ന് ചിലർ തന്നോട് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ അതൊന്നും എന്നിൽ വിഷമം ഉണ്ടാക്കിയിരുന്നില്ല. 2018ൽ എന്റെ രണ്ടാമത്തെ പ്രസവവും കഴിഞ്ഞു. ഗർഭിണിയായ സമയത്തുതന്നെ ഞാൻ ഉള്ളിലുറപ്പിച്ചിരുന്നു, ഇത്തവണ ഈ പ്രശ്നങ്ങൾ ഞാൻ എന്റെ രീതിയിൽ നേരിടുമെന്ന് എന്നും സമീറ പറഞ്ഞു.