തെന്നിന്ത്യൻ താര റാണി സാമാന്തയ്ക്ക് മയോസൈറ്റിസ് സ്ഥിരീകരിച്ചു!

മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് സാമന്ത റൂത്ത് പ്രഭു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ താരത്തിന്‌ കഴിഞ്ഞു. തെലുഗു സൂപ്പർ സ്റ്റാർ നാഗാർജ്ജുനയുടെ മകൻ നാഗചൈതന്യ ആയിരുന്നു സമന്തയെ വിവാഹം ചെയ്തത്. എന്നാൽ ഈയടുത്ത് ഇരുവരും വിവാഹമോചിതരായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ആരാധകരോടൊപ്പം വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടു താരം എത്താറുണ്ട്.

ഇപ്പോഴിതാ സാമന്ത അപൂർവ രോഗാവസ്ഥയായ മയോസൈറ്റിസ് സ്ഥിരീകരിച്ചു. പേശികളെ ദുർബലമാക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ മയോസൈറ്റിസ് തന്നിൽ കണ്ടെത്തിയതായി താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. താൻ പെട്ടെന്ന് തന്നെ പൂർണമായും സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് അതിയായ വിശ്വാസമുണ്ടെന്നും ഇതും കടന്നുപോകുമെന്നും താരം പങ്കുവെച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

യശോദയുടെ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങളുമായുള്ള സ്നേഹവും അടുപ്പവുമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ശമിച്ചതിന് ശേഷം നിങ്ങളുമായി പങ്കിടാമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ്. ഡോക്ടർമാർക്ക് രോഗം പെട്ടെന്ന് തന്നെ ഭേദമാകുമെന്ന് വലിയ പ്രതീക്ഷയുണ്ട്. ശാരീരികമായും മാനസികമായും ഞാൻ നല്ല ദിവസങ്ങളിലൂടെയും മോശം ദിവസങ്ങളിലൂടെയും കടന്നുപോയി. ഒരു ദിവസം കൂടിപ്പോലും ഇത് സഹിക്കാൻ പറ്റില്ലെന്ന് കരുതിയാലും ആ നിമിഷവും കടന്നുപോകും. പൂർണമായും സുഖം പ്രാപിക്കുന്ന ദിവസത്തിലേക്ക് ഞാൻ അടുത്തുകൊണ്ടിരിക്കുന്നു. ഇതും കടന്നുപോകും എന്ന് സാമന്ത കുറിച്ചു.

Related posts