മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുപാട് ഗാനങ്ങൾ ആലപിച്ച് പ്രശസ്തി നേടിയ പിന്നണിഗായികയാണ് രഞ്ജിനി ജോസ്. തന്റെ 20 വർഷത്തെ കരിയറിൽ രഞ്ജിനി ഇരുന്നൂറോളം ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത് രഞ്ജിനി ജോസും കാർത്തികിങും ചേർന്നൊരുക്കിയ ‘സമം’ എന്ന റാപ് സോങ് ആണ്. ഈ റാപ് സോങ്ങിന്റെ സംഗീതം മനു രമേശിന്റേതാണ്. വരികൾ എഴുതിയിരിക്കുന്നത് കാർത്തികിങാണ്. ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് എസ്. പിള്ളയാണ്. ജിത്തു ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഗാനം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള രസകരമായ വരികളാൽ മനോഹരമാണ്. ഗാനം പാടി അഭിനയിച്ചിരിക്കുന്നത് രഞ്ജിനിയും കാർത്തികിങുമാണ്. അതിഥി വേഷത്തില്‍ രഞ്ജിനി ഹരിദാസും എത്തുന്നുണ്ട്. “കല്ലുകൊണ്ടൊരായുധം പടച്ച കാലം തൊട്ടേ”
എന്ന് തുടങ്ങുന്ന പാട്ടിന് ആസ്വാദകരുടെ ഇടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മേലേവാര്യത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാള സിനിമ സംഗീത മേഖലയിലേക്ക് കടന്നുവരുന്നത്. റെഡ് ചില്ലിസ് എന്ന ചിത്രത്തിലൂടെ രഞ്ജിനി അഭിനയത്തിലേക്കും കടന്നിരുന്നു.