ഒരിക്കലും മരിക്കാത്ത ഒരാളായി ഹനീഫിക്ക ഇന്നും എന്റെ മനസിലുണ്ട് ! സലീം കുമാർ പറയുന്നു!

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടനാണ് കൊച്ചിൻ ഹനീഫ. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഇപ്പോളിതാ സലീം കുമാർ കൊച്ചിൻ ഹനീഫയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

എന്റെ ജീവിതത്തിൽ ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അത്രയും നല്ല മനുഷ്യൻ. തങ്കപ്പെട്ട സ്വഭാവമെന്നൊക്കെ പറയില്ലേ. അതാണ് കൊച്ചിൻ ഹനീഫിക്ക, കലൂർ സ്റ്റേഡിയത്തിൽ സിഐഡി മൂസയുടെ ഷൂട്ടിങ് നടക്കുകയാണ്. പാട്ട് സീൻ ആണ്. അവർ പൊങ്ങി വരുമ്പോൾ ഞാൻ ചുറ്റികയ്ക്ക് അടിക്കുന്ന രംഗം. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, എടാ ഞാൻ അൽപം മോശം അവസ്ഥയിലാണ്. അൽപം ദുഖകരമായ അവസ്ഥയിലാണ് എന്ന്. ഞാൻ എന്താണെന്ന് ചോദിച്ചു. പിന്നെ പറയാം എന്ന് പറഞ്ഞു, അങ്ങനെ ആ സീനൊക്കെ എടുത്ത് കഴിഞ്ഞ് എല്ലാവരും കൂടി നിൽക്കുമ്പോൾ അദ്ദേഹം പറഞ്ഞു, എന്റെ ഉമ്മ മരിച്ചുപോയെന്ന്. ഞാൻ പറയാതിരുന്നതാണ്. എനിക്ക് അറിയാമായിരുന്നു ഉമ്മ മരിക്കുമെന്ന്. അങ്ങനെ അത്രയും ആത്മാർത്ഥതയുള്ള കലാകാരനാണ് അദ്ദേഹം, മരിച്ചയിടത് ഞങ്ങൾ എല്ലാം ചെന്നിരുന്നു. മയ്യത്ത് ചുമന്ന് പള്ളിയിലേക്ക് പോകുമ്പോൾ മുന്നിൽ പിടിച്ചിരുന്നത് ഞാൻ തന്നെയാണ്. ഞാൻ ആണ് ലാ ഇലാഹ ഇല്ലള്ളാ എന്നൊക്കെ ചൊല്ലി പോകുന്നത്.

അങ്ങനെ ഞങ്ങൾ പള്ളിയിലെത്തി. ഞാൻ പള്ളിയുടെ ഒരു സൈഡിൽ നിൽക്കുകയാണ്. ആ സമയത്ത് എല്ലാവരും മുഖമൊക്കെ കഴുകുന്നുണ്ട്. വുളുഹ് എടുക്കുകയാണ്. ഫാസിൽ സാറൊക്കെ ഉണ്ട്. അവരെല്ലാം പള്ളിയിലേക്ക് കയറി. ഞാൻ അങ്ങനെ നിൽക്കുമ്പോൾ ഒരാൾ വന്ന് എന്നോട് വുളുഹ് എടുക്കുന്നില്ലെന്ന് ചോദിച്ചു. ഞാൻ കരുതി എനിക്കും ചെയ്യാമെന്ന്. അങ്ങനെ മുഖമൊക്കെ കഴുകി,’പള്ളിയുടെ അകത്ത് നിസ്‌കാരം നടക്കാൻ പോവുകയാണ്, ഞാൻ ഒന്നും നോക്കിയില്ല പള്ളിയിലേക്ക് കയറാൻ ഒരുങ്ങി. അപ്പോഴതാ, മുന്നിൽ നിന്ന് ഹനീഫിക്ക കൈ കൊണ്ട് കയറല്ലേ കയറല്ലേ എന്ന് കാണിക്കുന്നു. കാരണം ഞാൻ ഹിന്ദുവാണ്. ഞാൻ പള്ളിയിൽ കയറിയാൽ അതവിടെ പ്രശ്‌നമാകും. അതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ഹനീഫിക്ക പറഞ്ഞു. ഞാൻ ചോദിച്ചു, എന്തിനാണ് ഹനീഫിക്ക. ഞാൻ ചുമന്ന പോലെ എന്നെ ആരെങ്കിലുമൊക്കെ ചുമക്കേണ്ടതാണെന്ന്. പക്ഷെ എന്നെക്കാൾ മുന്നേ ഹനീഫിക്ക പോയി, ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്, ഹനീഫിക്ക മരിച്ചിട്ട് ഞാൻ കാണാൻ പോയില്ല. ടിവി പോലും വെച്ചില്ല. മരിച്ചു കിടക്കുന്നത് കാണാൻ എനിക്ക് പറ്റില്ലായിരുന്നു. ഹനീഫിക്ക ഇപ്പോഴും എന്റെ മനസിൽ മരിച്ചിട്ടില്ല. ഹനീഫിക്കയുടെ എന്ത് കോമഡി കണ്ടാലും എനിക്ക് ചിരി വരും, അദ്ദേഹം മരിച്ച് കിടക്കുന്നത് ഞാൻ കണ്ടിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപക്ഷെ എനിക്ക് ആ മുഖമാകും മനസിലേക്ക് വരിക. ഒരിക്കലും മരിക്കാത്ത ഒരാളായി ഹനീഫിക്ക ഇന്നും എന്റെ മനസിലുണ്ട് എന്നും താരം പറയുന്നു.

Related posts