സലീം കുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഹാസ്യ താരമായി സിനിമയിൽ എത്തി പിന്നീട് സഹതാരമായും സ്വഭാവ നടനായും നായകനായും എത്തി താരം ശ്രദ്ധനേടിയിരുന്നു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിത അമ്മയെ കുറിച്ച് മുമ്പൊരിക്കൽ സലീം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഞാൻ എന്റെ അമ്മയുടെ മലവും മൂത്രവും വരെ കോരാൻ തയ്യാറായിരുന്നു. അത് അമ്മയ്ക്കും അറിയാം. എന്റെ പേര് വിളിച്ചിട്ടാണ് എന്റെ അമ്മ മരിച്ചത്. അമ്മ എനിക്ക് എത്ര സ്നേഹം തന്നു. ഞാൻ എത്ര തിരിച്ച് കൊടുത്തു എന്നതൊന്നുമല്ല ഞാൻ പറയുന്നത്. എന്റെ ഭാര്യയും എന്റെ അമ്മയും തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എനിക്ക് അറിയാം രണ്ട് പെണ്ണുങ്ങളാണ് കുഴപ്പമുണ്ടാകുമെന്ന്. എന്റെ ഭാര്യയോട് ഞാൻ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ അമ്മ എന്താണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അവർ ഇത് പറഞ്ഞു. ഇവർ ഇത് പറഞ്ഞുവെന്നുള്ള പരാതിയുമായി എന്റെ അടുത്ത് വരരുത്. പിന്നെ അമ്മ നിന്റെ രീതിക്ക് വരികയെന്നത് നടക്കില്ല ഇനി. ഇത്രയും കൊല്ലം ജീവിച്ച് കഴിഞ്ഞു. കാര്യം പറഞ്ഞപ്പോൾ ഭാര്യയ്ക്ക് ബോധ്യപ്പെട്ടു.
അതുപോലെ അമ്മയോടും ഞാൻ പറഞ്ഞു. നിങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകും എന്ന് കരുതി അതൊന്നും എന്റെ അടുത്ത് പറയാൻ വരരുത്. നിങ്ങൾ പരസ്പരം തീർത്തോളമെന്ന്. പക്ഷെ അങ്ങനൊരു പ്രശ്നം ഒരിക്കലും ഭാര്യയും അമ്മയും തമ്മിൽ ഉണ്ടായിട്ടില്ല. അമ്മയ്ക്ക് ഞാൻ സിനിമയിൽ വന്നതിൽ വലിയ സന്തോഷമായിരുന്നു. അമ്മയെ കൊന്നത് ഞാനാണെന്നും വേണമെങ്കിൽ പറയാം. ഒരു കൊലപാതകം തന്നെയായിരുന്നു അമ്മയുടേത്. കാരണം അമ്മയ്ക്ക് ഷുഗറുണ്ടായിരുന്നു. പക്ഷെ ഞാൻ വേണ്ടുന്നതും വേണ്ടാത്തതുമായ എല്ലാം അമ്മയ്ക്ക് വാങ്ങി കൊടുക്കുമായിരുന്നു. അതിനാൽ നോക്കി വേണം ഭക്ഷണം കൊടുക്കാൻ എന്നത് അന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ കൊടുക്കുന്നത് ശരിയല്ലെന്ന് മനസിലായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ശരിയല്ല.
കുഴപ്പമാകുമെന്ന്. അമ്മ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല. നീ ഒന്നും ഓർത്ത് പേടിക്കണ്ട. നല്ല സമയത്ത് എനിക്ക് ഇതൊന്നും കഴിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഇപ്പോൾ ഇത് കഴിച്ചിട്ട് മരിക്കുവാണെങ്കിൽ മരിക്കട്ടെയെന്നാണ് അമ്മ പറഞ്ഞത്. നീ തുടർന്നോളാനും അമ്മ പറഞ്ഞു. അമ്മയ്ക്ക് മക്കളേയും കുടുംബവും നോക്കുന്നതിനിടയിൽ ആഗ്രഹിച്ചതൊന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അമ്മ പതിനാലാം വയസിൽ വിവാഹം കഴിച്ച് വന്നതാണ്. അമ്മ മരിക്കും വരെ അമ്മയായിരുന്നു എല്ലാം. ഭാര്യയായിരുന്നില്ല. കൊടുക്കാവുന്ന സൗഭാഗ്യങ്ങളെല്ലാം അമ്മയ്ക്ക് ഞാൻ കൊടുത്തിട്ടുണ്ട്’ സലീം കുമാർ പറഞ്ഞു.