മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. മലയാള മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയകളിലൂടെ തന്റെ ആരാധകരോട് സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ൽ തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വൈറലാവാറുമുണ്ട്. തന്റെ നിലപാടുകൾ പരസ്യമായി വ്യക്തമാക്കാൻ താരത്തിന് ഒരു മടിയും ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പലപ്പോഴും സാധിക ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് എന്തും വീട്ടുകാരോട് മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്ന് പറയുകയാണ് സാധിക. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
സാധികയുടെ വാക്കുകള്‍ ഇങ്ങനെ, സിനിമയിലൂടെയാണ് ഞാന്‍ സീരിയലില്‍ എത്തിയത്. സീരിയലില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. അതോടെ ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇനി സിനിമയിലേക്കോ സീരിയലിലേക്കോ ഇല്ല, എല്ലാം കുടുംബം എന്ന് ഉറപ്പിച്ചിട്ടാണ് ഞാന്‍ പോയത്. പക്ഷെ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഞാന്‍ വിട്ട് നിന്ന് സമയത്ത് സിനിമാ – സീരിയലുകളില്‍ കൂടുതല്‍ ആളുകള്‍ സജീവമായി. എന്നെ ആരും വിളിച്ചില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കുക്കറി ഷോയില്‍ അവതരാകയായി അവസരം കിട്ടിയത്. അമ്പലങ്ങളുമായി ബന്ധപ്പെട്ട യാത്ര പരിപാടികളിലും അവതാരകയായി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചെത്താന്‍ സാധിച്ചു. പിന്നെ തുടര്‍ച്ചയായി പതിനഞ്ചോളം സിനിമകള്‍ കിട്ടി. പുറത്തിറങ്ങാനിരിയ്ക്കുന്ന ആറ് സിനിമകള്‍ ഉണ്ട്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ എന്നെ പലരും, ഞാന്‍ ഇത്തരക്കാരിയാണെന്ന് വിധിക്കാറുണ്ട്. ഐറ്റം ഡാന്‍സ് കളിക്കുമോ എന്ന് പോലും പലരും ചോദിച്ചു. ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളില്‍ വേശ്യയുടെ റോള്‍ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴില്‍ എന്ന് പോലും പറഞ്ഞവരുണ്ട്.
അത്തരക്കാര്‍ക്ക് കൊടുക്കേണ്ട പോലെ ഒരു മറുപടി കൊടുത്താല്‍ അടങ്ങിക്കൊള്ളും. എനിക്ക് മറുപടി പറയാന്‍ ബാധ്യതയുള്ള രണ്ട് പേര്‍ അച്ഛനും അമ്മയും മാത്രമാണ്. അവര്‍ ഒരിക്കലും എന്റെ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും ചോദ്യം ചെയ്യാറില്ല. ബ്രാ എന്ന ഹ്രസ്വ ചിത്രം ഇറങ്ങിയപ്പോഴും പുകിലുണ്ടായിരുന്നു. അതിലെ കിടപ്പറ രംഗങ്ങളാണ് പലര്‍ക്കും പ്രശ്നമായത്. ഈ ഷോര്‍ട്ട് ഫിലിം എന്റെ മകള്‍ ചെയ്തതില്‍ അഭിമാനിക്കുന്നു എന്നാണ് എന്റെ അച്ഛന്‍ പറഞ്ഞത്. ലോകം മുഴുവന്‍ കുറ്റപ്പെടുത്തിയാലും അച്ഛനും അമ്മയും കൂടെയുണ്ടാവും. പ്രളയകാലത്ത് ഞാന്‍ വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഗ്രൂപ്പുകളില്‍ ആവശ്യമായ സഹായത്തിന് ഞാനുമായി ബന്ധപ്പെടാന്‍ ചില ഗ്രൂപ്പുകളില്‍ എന്റെ മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്തിരുന്നു. പ്രളയമൊക്കെ മാറി, കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ ആയപ്പോഴും ആ നമ്പറിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. പാതിരാത്രിയൊക്കെ വീഡിയോ കോള്‍. സത്യത്തില്‍ ഇത്രയും അശ്ലീലമായി പെരുമാറാന്‍ മലയാളികള്‍ക്ക് കഴിയുമോ എന്ന് ചിന്തിച്ചുപോയി. എന്റെ വിവാഹ മോചന സമയത്ത് പലതരത്തിലുള്ള കുറ്റപ്പെടുത്തലുകളും കേട്ടിട്ടുണ്ട്. ഹോ ഇത്ര കാലം എങ്ങിനെ സഹിച്ചു എന്നൊക്കെയായിരുന്നു ഓരോരുത്തരുടെ ചോദ്യം. ഞാന്‍ എന്റെ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. അദ്ദേഹത്തോടും എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല, ഒത്തു പോകാന്‍ കഴിയാത്തത് കൊണ്ടാണ് പിന്മാറിയത്. എപ്പോഴും പരിഗണന ആദ്യം കുടുംബത്തിന് തന്നെയാണ്.