പൃഥ്വിരാജാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം. തൻ്റെ ലക്ഷദ്വീപ് വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞതിന് കുറച്ചു ബിജെപി നേതാക്കൾ പൃഥ്വിരാജിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. മാത്രമല്ല പൃഥ്വിരാജിനെയും കുടുംബത്തെയും അടച്ചാക്ഷേപിക്കുന്ന തരത്തിൽ ഒരു വാർത്താ ചാനൽ ഫേസ്ബുക്ക് കുറിപ്പിട്ടതും താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ താരങ്ങളോരോരുത്തരായി പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് കലാ സാംസ്കാരിക രാഷ്ട്രീയ പൊതുമേഖലാ രംഗത്ത് നിന്ന് പിന്തുണ നൽകിക്കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിലെ തൻ്റെ നിലപാട് പറയുകയാണ് സിനിമാ സീരിയൽ താരം സാധിക.
സാധിക പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഈ വിഷയത്തിലെ പ്രതികരണം ആരാഞ്ഞ് നിരവധി പേരാണ് എത്തിയത്. ഇവരോടുള്ള മറുപടിയായാണ് സാധിക കമൻ്റ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിൽ സഹപ്രവർത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തിൽ അഭിപ്രായം ചോദിച്ചവരോട്, തീർച്ചയായും ആ പ്രവണത മോശം ആണ്. ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവർ ആഗ്രഹിക്കുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവർക്കെതിരായ ഒരു ചാനൽ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്.
ചുരുക്കത്തിൽ ഇത്രേ ഉള്ളു കാര്യം. ഞാൻ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ ചെയ്താൽ അയാൾ എനിക്ക് പ്രിയപെട്ടവൻ അല്ലെങ്കിൽ വെറുക്കപെട്ടവൻ. ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തിൽ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോർട് ചെയ്തോട്ടെ അപ്പോൾ ഇന്ന് ചാനൽ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടർ ചെയ്യും, സ്വാഭാവികം. നിരവധി പേരാണ് ഈ കമൻ്റിനോട് അനുഭാവം പുലർത്തിക്കൊണ്ട് ലൈക്കും ലവും റിപ്ലേയും ഒക്കെ നൽകുന്നത്. ചിലർ സാധികയുടെ കമൻ്റിൻ്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.