ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാച്ചിലേഴ്‌സ്. സാധിക വേണുഗോപാൽ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ സംസാരിയ്ക്കുന്നത് ലൈംഗിക അരാചകത്വത്തെ കുറിച്ചാണ് എന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിൽ നായകനായി എത്തുന്നത് കൈതോല ചാത്തന്‍ എന്ന ചിത്രത്തിലൂടെ പരിചിതനായ ലെവിന്‍ സൈമണ്‍ ആണ്. ചിത്രത്തില്‍ സാധിക ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന വീട്ടമ്മയുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയുടെ കഥ നടക്കുന്നത്, ഒരു അപ്പാര്‍ട്‌മെന്റിലെ ന്യൂ ഇയര്‍ സെലിബ്രേഷന്റെ പശ്ചാത്തലത്തിലാണ് എന്ന് ശ്യാം ലെനിന്‍ പറഞ്ഞു.ഒരു വീട്ടമ്മ ലൈംഗിക അതിക്രമത്തിന് ഇരയാകുകയും കൊലപാതകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ചിത്രം പ്രതിപാദിക്കുന്നത് ഇതിന് സാക്ഷിയാവുന്നവരുടെ മനോഭാവങ്ങളാണ്. ഇന്നത്തെ കാലത്തെ ചെറുപ്പക്കാർക്ക് ഇത്തരം വിഷയങ്ങളില്‍ ഉള്ള മനോഭാവം ആണ് ബാച്ചിലേഴ്‌സ് എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. കൊച്ചിയിലും പരിസരത്തുമായാണ് സിനിമ ചിത്രീകരിച്ചത്. തന്റെ കഥാപാത്രത്തെ കുറിച്ച് സാധികയും സംസാരിക്കുന്നു. രഞ്ജിത എന്നാണ് കഥാപാത്രത്തിന്റെ പേര്. നിസ്സഹയായിപ്പോവുന്ന ഒരു വീട്ടമ്മയാണ് രഞ്ജിത എന്നാണ് സാധിക പറയുന്നത്.
സീതള്‍ ശ്യാം, സുദേവ്, സായ് കുമാര്‍, ജിജു ഗോപിനാഥ്, മധു മടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അഖില്‍ ആലിയാസ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജേസിന്‍ ജോര്‍ജ്ജാണ്.
പാപ്പന്‍, അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ എന്നിവയാണ് സാധികയുടെ മറ്റ് രണ്ട് പുതിയ ചിത്രങ്ങള്‍. രണ്ട് സിനിമകളിലും പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നടി എത്തുന്നത് എന്നത് യാദൃശ്ചികം. ജോഷി സംവിധാനം ചെയ്യുന്ന പാപ്പാന്‍ എന്ന ചിത്രത്തില്‍ ഗിരിജ സുന്ദര്‍ സിവില്‍ പൊലീസ് ഓഫീസറുടെ വേഷമാണ്. സിനിമയില്‍ മുഴുനീളം നായികയെ പിന്തുണയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഗിരിജ സുന്ദര്‍. കഥാപാത്രത്തിന് ദൈര്‍ഘ്യവും ഉണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുടങ്ങി കിടക്കുകയാണ്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്യുന്ന അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ എന്ന ചിത്രത്തില്‍ ഡി വൈ എസ് പിയുടെ വേഷത്തിലാണ് സാധിക എത്തുന്നത്. രണ്ട് ചിത്രങ്ങളും കരിയറില്‍ തനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നവയാണെന്ന് സാധിക പറഞ്ഞു.