പുരസ്കാര നിറവിൽ നിൽക്കുന്ന ചിത്രമാണ് ബിരിയാണി. റിലീസിന് മുന്‍പേ തന്നെ ചിത്രം വലിയ ചര്‍ച്ച വിഷയമായി മാറിയിരുന്നു. സാമൂഹ്യ മത വിമർശനവും സ്ത്രീപക്ഷ ലൈംഗികതയുമൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിലെത്തിയതിന് പിന്നാലെ കേവ് എന്ന ഓടിടി പ്ലാറ്റ്ഫോമിൽ കൂടി കൂടുതൽ പ്രേക്ഷകരിലേക്കെത്തിയിരുന്നു. പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾക്കൊപ്പം വിമർശനങ്ങളും ലഭിക്കുന്നുണ്ട്.
ബിരിയാണിയിലെ കനി കുസൃതിയുടെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം കരസ്ഥമാക്കുകയും ചിത്രം ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിയുടെ പ്രത്യേക പരാമർശവുമൊക്കെ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രകീർത്തിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാളാണ് കനി കുസൃതി എന്നും റോഷൻ ആൻഡ്രൂസ് അഭിപ്രായപ്പെടുന്നു. ആദ്യം തന്നെ ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. സിനിമ എനിക്ക് വളരെ ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇതുപോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ നന്നായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ് എന്നാണു റോഷൻ ആൻഡ്രൂസ് പറയുന്നത്.
‘ഞാന്‍ നിങ്ങളുടെ വലിയ ആരാധകനായിരിക്കുകയാണ്. ഓരോ നിമിഷവും വളരെ തന്മയത്തത്തോടെയായിരുന്നു താങ്കളുടെ പ്രകടനം. ഓരോ സീനും ഓരോ കഥാപാത്രത്തെത്തെും സജിന്‍ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിന്‍ ബാബുവിനും കനിക്കും എന്റെ സല്യൂട്ട്. സജിനില്‍ നിന്നും ഇനിയും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു’. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അപ്പു എന്‍ ഭട്ടതിരി ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറിലാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കാര്‍ത്തിക് ആണ്.