സിനിമയിൽ സ്റ്റാറാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാൾ അവനായിരുന്നു! മാത്തുക്കുട്ടി പറയുന്നു!

ടൊവിനോ തോമസ് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. യാതൊരു സിനിമ പിൻബലവും ഇല്ലാതെ തന്റെ അഭിനയപാടവവും അർപ്പണ മനോഭാവവും കഠിനപ്രയത്നത്താലുമാണ് താരമിന്ന് പ്രശസ്തിയുടെ ഉയരം താണ്ടിയത്. ചെറിയ കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് താരം മുൻ നിര നായക പദവിയിലേക്ക് ഉയരുകയായിരുന്നു. ഇപ്പോൾ ബേസിൽ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി എന്ന സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഠിനാധ്വാനം കൊണ്ടാണ് ടൊവിനോ ഉയരങ്ങൾ കീഴടക്കിയതെന്ന് പറയുകയാണ് സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പേ ടോവിനോക്കൊപ്പം ഒരേ മുറിയിൽ താമസിച്ചിരുന്ന സംവിധായകനും അവതാരകനുമായ ആർ.ജെ മാത്തുക്കുട്ടി.

ഒരു മുറിയിൽ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ടോവിനോയും ഞാനും. ആഗ്രഹത്തിൻറെ സന്തതി ആയിരുന്നു അവനെന്നും ഞങ്ങളുടെ കൂട്ടത്തിൽ സിനിമയിൽ സ്റ്റാറാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാൾ അവനായിരുന്നു. അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനുവേണ്ടി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കാലത്ത് ടോവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോകണമെങ്കിൽ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് ചേട്ടനോട് ചോദിക്കണം എന്നതിനാൽ ബാറ്ററിയില്ലാതെ ആ വണ്ടി അവൻ കുറേനാൾ ഓടിച്ചിട്ടുണ്ട്.

അന്ന് ജോലിയുള്ളത് എനിക്ക് മാത്രമായിരുന്നു. ബുള്ളറ്റിന് മിലിട്ടറി ഗ്രീൻ പെയിൻറടിച്ചു. അതു കണ്ടപ്പോൾ ടോവിനോയ്ക്ക് ഒരു ആഗ്രഹം അവൻറെ ബുള്ളറ്റിനും പെയിൻറ് അടിക്കണമെന്ന്. തന്നോട് ചോദിച്ചപ്പോൾ 5000 രൂപ ഉണ്ടെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു. ഇന്ന് അവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് അറിയത്തില്ലെന്നും ആ ബുള്ളറ്റ് പുതിയ ബാറ്ററി വെച്ച് ഇപ്പോഴും ഓടിക്കുന്നുണ്ട് എന്നും താരം പറയുന്നു.

Related posts