മലയാളികളുടെ ഇഷ്ട ഗായികയും അവതാരകയുമായ റിമി ടോമി ഇപ്പോൾ എത്തിയിരിക്കുന്നത് യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളുമായാണ്. സമൂഹമാധ്യമങ്ങളിൽ താരം ചിത്രത്തിന്റെ കൂടെ പങ്കുവച്ച കുറിപ്പും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. യോഗ ജീവിതശൈലിയുടെ ഭാഗമാണെന്നും അത് ഒരു പെർഫോമൻസ് അല്ലെന്നും റിമി തന്റെ ചിത്രങ്ങളുടെ കൂടെ കുറിച്ചു. താരം ആരാധകർക്കായി തന്റെ യോഗ പരിശീലകയെയും പരിചയപ്പെടുത്തുന്നുണ്ട്. റിമി പോസ്റ്റിട്ടിരിക്കുന്നത് സുഹൃത്തും ഗായികയുമായ ജ്യോത്സ്നയ്ക്കു നന്ദി പറഞ്ഞു കൊണ്ടാണ്. ജ്യോത്സ്ന താൻ ചെയ്യുന്ന യോഗയുടെയും വ്യായാമങ്ങളുടെയും ചിത്രങ്ങളും വിഡിയോകളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
‘യോഗ ഒരു ജീവിതശൈലിയാണ്, അത് ഒരു പ്രകടനമല്ല. ഒരു വ്യക്തിയിൽ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ചെറുപ്പവും ഊർജസ്വലവുമാക്കും. ഞാൻ യോഗ ചെയ്യുന്നത് താരാ സുദർശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ്. എനിക്കു വെറുമൊരു പരിശീലക മാത്രമല്ല താര. യോഗയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി എനിക്കൊപ്പം ഉള്ള പ്രിയ സുഹൃത്താണ്. യോഗ ചെയ്യാൻ നിങ്ങളും പരിശ്രമിക്കൂ. രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാൻ യോഗയിലൂടെ നിങ്ങൾക്കും സാധിക്കും’ എന്നും റിമി ടോമി കുറിച്ചു.
ചുരുങ്ങിയ സമയത്തിനകം തന്നെ റിമി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായി. വർക്കൗട്ട് വിഡിയോകൾ താരം ഇതിനു മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആരാധകർക്കു പുതുമ നൽകുന്നതായിരുന്നു ഇപ്പോൾ പങ്കുവെച്ച യോഗ ചിത്രങ്ങൾ. പ്രതികരണങ്ങളുമായി ഒരുപാട് ആരാധകർ രംഗത്തെത്തി. ആരാധകപക്ഷം പറയുന്നത് റിമിയുടെ മെയ്‌വഴക്കം അമ്പരപ്പിക്കുന്നു എന്നാണ്. ഏറെ പ്രചോദനം പകരുന്നതാണ് റിമിയുടെ ചിത്രങ്ങളും കുറിപ്പും എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.