ഗായിക റിമി ടോമി തന്റെ ആദ്യപ്രണയത്തിന്റെ ഓർമകൾ പ്രേക്ഷകർക്കായി പങ്കുവെക്കുകയാണ്. സൂപ്പർ 4 എന്ന മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയുടെ വേദിയിൽ വച്ചാണ് ഗായിക തന്റെ കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു പങ്കുവെച്ചത്. ആദ്യമായി റിമിക്ക് പ്രണയം തോന്നിയത് തന്റെ സ്വദേശമായ പാലായിലുള്ള ഒരു പയ്യനോടായിരുന്നു. ഗായിക അയാളെ അല്ല യഥാർഥത്തിൽ അയാൾ ഗായികയെ ആണ് പ്രണയിച്ചത്. അയാൾ റിമിയുടെ പാട്ടുകളുടെ ആരാധകൻ കൂടിയായിരുന്നു. ഇങ്ങനെയാണ് റിമി ടോമി തന്റെ പ്രണയാനുഭവം വിവരിച്ചത്.
“ആദ്യമായി എന്റെ മനസ്സിൽ പ്രണയം തോന്നിയത് ഹൈസ്കൂൾ കാലത്താണ്. ആൾ പാലായിൽ തന്നെ ആയിരുന്നു. എന്നേക്കാൾ അഞ്ചോ ആറോ വയസ്സ് അയാൾക്ക് കൂടുതൽ ഉണ്ടാവും. ആ നാട്ടിലെ എല്ലാവർക്കും ഞാൻ പാട്ടുപാടുന്ന കുട്ടി ആയതുകൊണ്ട് എന്നെ അറിയാമായിരുന്നു. എന്നെ ആ പയ്യന് ഇഷ്ടമാണ് എന്നെനിക്ക് മനസ്സിലായിരുന്നു. അയാൾ സ്കൂളിൽ നിന്ന് തിരിച്ചു പോവുന്ന സമയത്ത് എന്റെ നേരെ വരുമായിരുന്നു. പക്ഷെ നേരിട്ട് കണ്ടാൽ പോലും മുഖത്ത് നോക്കാൻ അന്നൊക്കെ പേടിയായിരുന്നു.ഞാൻ പള്ളി ക്വയറിൽ അന്നുമുതലേ ഉണ്ടായിരുന്നു. അയാൾ ഞാൻ പാടിയ പാട്ടുകളെല്ലാം റെക്കോർഡ് ചെയ്ത് കേൾക്കുമായിരുന്നു. മാത്രമല്ല ഞാൻ പോകുന്ന വഴിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് അയാൾ എന്റെ പാട്ട് പ്ലേ ചെയ്ത് കേൾപ്പിക്കുമായിരുന്നു. പള്ളിയിലെ എന്തോ ആവശ്യത്തിന് വേണ്ടി ഒരിക്കൽ എല്ലാവരും രക്തപരിശോധന നടത്തി. അപ്പോൾ എന്റെയും അയാളുടെയും ഗ്രൂപ്പുകൾ ഒന്നായിരുന്നു. അയാൾ ആ സന്തോഷത്തിൽ അവിടെയുള്ള എല്ലാവർക്കും മിട്ടായികൾ വാങ്ങിക്കൊടുത്തു. പിന്നെ അയാൾ പഠിക്കാനായി വേറെ നാട്ടിലേക്ക് പോയി. അയാളെ ഞാൻ പിന്നെ കണ്ടിട്ടില്ല. ഇപ്പോൾ അയാൾ വിദേശത്താണ് എന്നതിൽ കൂടുതൽ ഒന്നും അറിയില്ല- റിമി ടോമി പറഞ്ഞു.
സൂപ്പർ 4 ന്റെ വേദിയൊന്നാകെ റിമിയുടെ അനുഭവം കേട്ട് ചിരിയടക്കാൻ പറ്റാതെ ഇരുന്നു. പ്രേക്ഷകർ റിമിയുടെ അനുഭവം കേട്ട് അത്ഭുതപ്പെട്ടു. ‘നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ’ എന്ന പ്രണയഗാനവും റിമി അനുഭവം പങ്കുവയ്ക്കലിനു പിന്നാലെ ആലപിച്ചു. സൂപ്പർ 4 ന്റെ നാല് വിധികർത്താക്കളിൽ ഒരാളാണ് റിമി. ജ്യോത്സ്‌ന, സിത്താര, വിധുപ്രതാപ് എന്നിവരാണ് മറ്റ് വിധികർത്താക്കൾ. ഇവരും വ്യത്യസ്തമായ ആദ്യപ്രണയാനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു