ശരീരഭാരം കുറഞ്ഞിട്ടും വീണ്ടും ജിമ്മിൽ പോകുന്നതെന്തിന്! റിമി പറയുന്നു!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശരീരഭാരം കുറഞ്ഞിട്ടും വീണ്ടും ജിമ്മില്‍ പോകുന്നതെന്തിനാണെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റിമി ഇപ്പോൾ.

വ്യായാമം ജീവിതത്തിൽ ശീലമാക്കേണ്ടതാണ്. ഒന്നും വളരെ എളുപ്പത്തിൽ സംഭവിക്കുന്നതല്ല. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മിൽ പോകുന്നതെന്ന് ഒരുപാട് ആളുകൾ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ്സു മടുത്തതുകൊണ്ട് ഒരു മറപടി പറയാമെന്നു കരുതി. ജിമ്മിൽ പോകുന്നത് ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ അവഗണിക്കാൻ പറ്റാത്തതാണ്. പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും വ്യായാമത്തിൽ നിന്നും ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു.

അമിതഭാരം നിയന്ത്രിക്കാനും ഊർജം വർധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാൻ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീർഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങൾക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താൻ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്.’ റിമി ടോമി കുറിച്ചിരിക്കുന്നു.

Related posts