പെൺകുട്ടികളിൽ വിശ്വസിക്കുക, അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക: റിമ കല്ലിങ്കൽ പറയുന്നു!

റിമ കല്ലിങ്കൽ മലയാളികളുടെ പ്രിയതാരമാണ്. ഋതു എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബു ആണ് താരത്തിന്റെ ഭർത്താവ്. ജീവിതത്തിന്റെ അവസാനം വരെയും ഫെമിനിസത്തിലെ തന്റെ നിലപാട് മാറില്ലെന്ന് നൂറ് ശതമാനവും ഉറപ്പാണെന്ന് തുറന്നുപറയുകയാണ് താരം ഇപ്പോൾ.

സ്ത്രീകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്ന, രാഷ്ട്രീയം പറയുന്ന സിനിമകൾ ഇപ്പോൾ വരാറുണ്ട്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഹീറോയെ സഹായിക്കാൻ വേണ്ടി മാത്രമുള്ള സഹ കഥാപാത്രമായിട്ട് മാത്രമല്ലാതെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തെയും സിനിമയിലൂടെ കാണാൻ ആഗ്രഹമുണ്ട്. നായികയുടെ മാത്രം യാത്ര, അവരുടെ സ്വപ്‌നങ്ങൾ, അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന സ്ത്രീകളുണ്ട്. ഇപ്പോൾ അത് സംഭവിക്കുന്നുണ്ട് എന്ന് താരം പറയുന്നു.

ഇന്ന് സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന സ്ത്രീകളുണ്ട്. ഇന്ന് വരുമാനമുള്ള സ്ത്രീകളുണ്ട്, അവർക്ക് സ്വന്തമായി ഇഷ്ടത്തിന് സിനിമ കാണാൻ പോകാൻ സാധിക്കുന്നു. ഡബ്ലൂസിസി വന്നതിനു ശേഷമാണ് ഇവിടെ എല്ലാം സംഭവിച്ചത്. മീ ടൂ അടക്കമുള്ള കാര്യങ്ങൾ. സമൂഹത്തിൽ പുരുഷന്മാർക്കുള്ള അതേ സ്വാതന്ത്ര്യവും വ്യക്തിത്വവും അവകാശവും ആണ് നമ്മൾ ആവശ്യപ്പെടുന്നത്. എന്നാൽ, അതിനെ ഒരു ഭീഷണിയുടെ രൂപത്തിൽ പലരും എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

സ്ത്രീകൾ എഴുതി ഉണ്ടാക്കി അവർ തന്നെ സിനിമ ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ വരണം എന്നും ആഗ്രഹിക്കുന്നു. ആ നിലയിലേക്ക് ഇൻഡസ്ട്രി മാറണം. സമൂഹത്തിനോട് എനിക്ക് പറയാനുള്ളത്, പെൺകുട്ടികളിൽ വിശ്വസിക്കുക. അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക. അവർക്കിഷ്ടമുള്ളതിനോടൊപ്പം നിൽക്കുക എന്നും താരം കൂട്ടിച്ചേർത്തു.

Related posts