ആഫ്രിക്കയില്‍ നിന്നുള്ള അപൂർവയിനം മലമ്പനി കേരളത്തിൽ കണ്ടെത്തി, മുന്നറിയിപ്പുമായി മന്ത്രി

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്ബനി കണ്ടെത്തിയെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്‌താവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് വഴിവച്ചിരിക്കുകയാണ്. എന്നാല്‍ കൊവിഡിന് സമാനമായി ആശങ്കയെക്കാള്‍ ഉപരിയായി ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്.

അപൂ‌ര്‍വമായ പ്ലാസ്‌മോഡിയം ഓവേല്‍ എന്ന പുതിയ ജനുസില്‍പ്പെട്ട മലമ്ബനിയാണ് സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്നത്. മലമ്ബനി ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയ ജവാനെ പരിശോധിച്ചപ്പോഴാണ് ഈ രോഗമാണെന്ന് വ്യക്തമായത്. സുഡാനില്‍ നിന്നും വന്ന സൈനികനിലാണ് മലമ്ബനി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. യഥാസമയം കണ്ടെത്തി ചികിത്സിച്ചതിനാല്‍ പകരാതെ രോഗം തടയാനായെന്ന് മന്ത്രി വ്യക്തമാക്കി.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌ രോഗ വ്യാപനം തടയണമെന്നും പ്രതിരോധം ഊര്‍ജിതമാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എവിടെയെങ്കിലും മലമ്ബനി സ്ഥിരീകരിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലോ, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കണം.

Related posts