നിങ്ങൾ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങൾക്കുനേരെ വരാതിരിക്കട്ടെ: വ്യാജവാർത്തയോട് പ്രതികരിച്ച് രഞ്ജു രഞ്ജിമാർ!

അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകൾ കാരണം അനന്യ അലക്സ് എന്ന ട്രാൻസ്ജെൻഡർ യുവതി ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിന്‌ ശേഷം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ തന്റെ വീട്ടിൽ സുഹൃത്തുക്കളെ വിളിച്ച് ആഘോഷം നടത്തി എന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് രഞ്ജു രഞ്ജിമാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഇതിന് മറുപടി പറയണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഉത്തരം കൊടുക്കണം എന്ന് തോന്നി. അമ്മയെ വിറ്റും ചില ഓൺലൈൻ മാധ്യമങ്ങൾ ശ്രദ്ധ പിടിച്ചുപറ്റും എന്ന് കേട്ടിട്ടുണ്ട്. നിനക്കൊന്നും മനസാക്ഷി ഇല്ലേ.. നിന്റെയൊക്കെ വീട്ടിലാണ് ദുരിതം സംഭവിച്ചതെങ്കിൽ ആരൊക്കെ കേറി ഇറങ്ങുന്നു എന്ന് നോക്കിയിരിക്കുമോ, ഇതിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന എന്റെ ഫോട്ടോകളുടെ ഡേറ്റ് നോക്കിയാൽ മനസ്സിലാക്കാൻ കഴിയും എന്ന് രഞ്ജു പറയുന്നു.

എന്നെ ആശ്വസിപ്പിക്കാനും എന്റെ ദുഃഖത്തിൽ പങ്കുചേരാനും 30ന് എന്റെ വീട്ടിൽ വന്ന എന്റെ സുഹൃത്തുക്കൾക്ക് ഭക്ഷണം കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അവർ തന്നെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തി എന്നെ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. അതിന്റെ വീഡിയോ ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ അതിനെപോലും കച്ചവടമാക്കാൻ തരംതാണ തലക്കെട്ടുകളോടുകൂടി നിങ്ങൾ പോസ്റ്റ്‌ ചെയ്തപ്പോൾ നിങ്ങൾക്കുണ്ടായ ആശ്വാസം ഊഹിക്കാൻ കഴിയുന്നുണ്ട്. നിങ്ങളോടൊന്നും തർക്കിക്കാനോ വാദിക്കാനോ ഞാനില്ല. എന്നെ എനിക്കറിയാം, എന്നെ മനസിലാക്കിയവർക്കറിയാം. നിങ്ങൾ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങൾക്കുനേരെ വരാതിരിക്കട്ടെ എന്നും രഞ്ജു പറഞ്ഞു.

Related posts