രജിഷയെ തമിഴ് പ്രേക്ഷകർ കൈ വിടുന്നില്ല! കൈ നിറയെ അവസരങ്ങളുമായി താരം.

അനുരാഗ കരിക്കിന്‍വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ് രജിഷ വിജയൻ. ഈ ചിത്രത്തിലൂടെ താരം മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. താരം വളരെ അധികം സെലക്ടീവായാണ് സിനിമകള്‍ തിരഞ്ഞെടുക്കുക. വര്‍ഷങ്ങളോളം നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കാനും രജിഷ ഒരുക്കമാണ്. രജിഷയുടെ സിനിമയോടുള്ള ആത്മസമര്‍പ്പണത്തിന് തെളിവാണ് ജൂണ്‍, ഫൈനല്‍, ഖൊ ഖൊ തുടങ്ങിയ ചിത്രങ്ങളെല്ലാം. ഇപ്പോൾ തമിഴകവും കര്‍ണന്‍ എന്ന ചിത്രത്തിലൂടെ രജിഷയുടെ അഭിനയ മികവ് കണ്ടറിഞ്ഞുകഴിഞ്ഞു. വളരെ മികച്ച പ്രതികരണങ്ങളാണ് ധനുഷ് നായകനായ കര്‍ണന്‍ എന്ന ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിൽ നായികയായി വേഷമിട്ട രജിഷ വിജയനെയും തമിഴകം അംഗീകരിച്ചു.

ഇപ്പോള്‍ രജിഷയ്ക്ക് തമിഴില്‍ കര്‍ണന് ശേഷം തുടര്‍ച്ചയായി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ രജിഷ നായികയായി എത്തുന്നു എന്നും അറിയാൻ കഴിയുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി എസ് മിത്രന്‍ ആണ്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കൊപ്പം ഷൂട്ടിങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഗംഭീര സ്വീകരണമാണ് കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്.

ഇതിന് പുറമെ രജിഷ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജിഷ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. ചിത്രത്തില്‍ അല്‍പം ദൈര്‍ഘ്യമുള്ള അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നുണ്ട്. രജിഷ സൂര്യയുടെ ജോഡിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വിവരം. സൂര്യ ചിത്രത്തിലെത്തുന്നത് ഒരു അഭിഭാഷകന്റെ വേഷത്തിലാണ്. ഈ ചിത്രത്തിന്റെ കഥ ആദിവാസി ജനതയെ അടിസ്ഥാനമാക്കിയുള്ളതാണ്. സൂര്യ അവര്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനായാണ് വരുന്നത്. ചിത്രം നിര്‍മിയ്ക്കുന്നത് സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സ് ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് കൊടൈക്കനാലിൽ വച്ചാണ് നടക്കുന്നത്.

Related posts