നടൻ മുകേഷും നർത്തകിയായ മേതില്‍ ദേവികയും വിവാഹമോചിതരാവുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയും മറ്റ് മാധ്യമങ്ങളും ചർച്ചചെയ്യുകയാണ്. ഇതിനു പിന്നാലെ ചലച്ചിത്ര നിര്‍മ്മാതാവും കവിയുമായ രാജീവ് ഗോവിന്ദന്‍ താന്‍ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് പറയുകയാണ്. ഇതുകൊണ്ട് താൻ വ്യക്തിപരമായി നേരിട്ട ദുരവസ്ഥയെക്കുറിച്ച് പറയുകയാണ് അദ്ദേഹം. രാജീവ് നായര്‍ എന്ന പേരാണ് നിര്‍മ്മിച്ച സിനിമകളുടെ ടൈറ്റിലുകളിലും പ്രസിദ്ധീകരിച്ച പുസ്‍തകങ്ങളിലുമൊക്കെ രാജീവ് ഗോവിന്ദന്‍ മുന്‍പ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ മേതില്‍ ദേവികയുടെ മുന്‍ഭര്‍ത്താവ് രാജീവ് നായര്‍ താനാണെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആളുകളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തെന്നും രാജീവ് ഗോവിന്ദന്‍ പറയുന്നു.
ആ രാജീവ് നായർ ഞാനല്ല. മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്‍റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്‍റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ രാജീവ്മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പിൻവലിക്കുക. ഇതിനെതിരെയുള്ള നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും രാജീവ് ഗോവിന്ദൻ പറഞ്ഞു.