ഹിറ്റ് കൂട്ടുകെട്ട് പിരിയാനുള്ള കാരണം! രാജസേനൻ പറയുന്നു!

മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ ജനപ്രീയ താരമാക്കി മാറ്റിയ പല സിനിമകളുടേയും സംവിധാനം രാജസേനന്‍ ആയിരുന്നു. പതിനാറോളം സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്ത് വന്നിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം സിനിമകളും വൻ വിജയങ്ങളായി മാറുകയും ചെയ്തിരുന്നു. ഇന്നും ഏറെ ആരാധകരുള്ള ചിത്രങ്ങളാണ് ഇവയിൽ പലതും. ഇപ്പോഴിതാ നടന്‍ ജയറാമുമായുള്ള സൗഹൃദം തകര്‍ന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ രാജസേനന്‍. 16 സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച തങ്ങള്‍ ഇപ്പോള്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നും അതിന്റെ കാരണം തനിക്കറിയില്ലെന്നും രാജസേനന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ, എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു കാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി പ്രതികരിക്കുന്നത്. സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും. എന്റെ ഫോണ്‍ കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നും എനിക്ക് തോന്നി. പല പ്രാവശ്യമായപ്പോള്‍ ഇത് തോന്നലല്ല എന്ന് എനിക്ക് മനസിലായി. വഴക്കോ, ആശയക്കുഴപ്പമോ, സാമ്പത്തിക ഇടപാടുകളോ രണ്ട് പേര്‍ക്കുമിടിയില്‍ ഉണ്ടായിട്ടില്ല.

12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കും. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ല. എന്താണ് പ്രശ്നമെന്ന് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചാനലിലൂടെ പറയാം. എന്നാല്‍ വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്. പക്ഷെ അവിടെ ബ്രില്യന്റായി ഊരി വരും. എന്നെക്കുറിച്ചുള്ള ചര്‍ച്ച അവിടെ അവസാനിപ്പിച്ച് എനിക്ക് പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കും. ഇത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,

Related posts